
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ വൈകാതെ കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വൈൻ എന്നിവയുടെ വില കുറയും. യൂറോപ്യൻ കാറുകളുടെ തീരുവ 10 ശതമാനമായാണ് കുറയുക. രാജ്യത്തെ പ്രീമിയം കാർ വിപണിയിൽ വലിയ മാറ്റമാകും ഇത് സൃഷ്ടിക്കുക.
ഇന്ത്യയിലേക്കുള്ള 90 ശതമാനത്തിലധികം ഉത്പന്നങ്ങളുടെയും താരിഫുകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. 2023ഓടെ യൂറോപ്യൻ യൂണിയന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാകുമന്നാണ് ബ്രസ്സൽസ് പ്രതീക്ഷിക്കുന്നത്. അതിലൂടെ തീരുവയിൽ 400 കോടി യൂറോ ലാഭിക്കാനാകുമെന്നുമാണ് കണക്കുകൂട്ടൽ. നിലവിൽ 44 ശതമാനംവരെ തീരുവയുള്ള യന്ത്രങ്ങൾ, 22 ശതമാനംവരെ തീരുവയുള്ള രാസവസ്തുക്കൾ, 11 ശതമാനമുള്ള മരുന്നുകൾ എന്നിവയിൽ ഭൂരിഭാഗവും ഒഴിവാക്കും.
ഓട്ടോമൊബൈൽ
ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വാഹന വിപണിയിലാണ്.
നികുതി കുറവ്: വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിൽ 70% ത്തിൽനിന്ന് ഘട്ടംഘട്ടമായി 10% ആയി കുറയ്ക്കും. ഇത് ഇന്ത്യയിലെ പ്രീമിയം കാർ വിപണിയിൽ വലിയ മാറ്റമുണ്ടാക്കും.
ക്വാട്ട നിയന്ത്രണം: നിശ്ചിത കാലയളവിൽ പ്രതിവർഷം 2,50,000 വാഹനങ്ങൾ എന്ന ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്.
വ്യാവസായിക ഉത്പന്നങ്ങൾ
യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 90 ശതമാനത്തിലധികം ഉത്പന്നങ്ങളുടെയും താരിഫ് ഒഴിവാക്കുകയോ കാര്യമായി കുറയ്ക്കുകയോ ചെയ്യും.
യന്ത്രസാമഗ്രികൾ: നിലവിൽ 44% വരെയുള്ള താരിഫ് ഒഴിവാക്കും.
രാസവസ്തുക്കൾ: 22% വരെയുള്ള നികുതി ഇല്ലാതാക്കും. മിക്കവാറും എല്ലാ രാസവസ്തുക്കൾക്കും ഇത് ബാധകമാണ്.
വിമാനങ്ങൾ: വിമാനം, ബഹിരാകാശ വാഹനം എന്നിവയുടെ ഇറക്കുമതി തീരുവ പൂർണ്ണമായും നീക്കം ചെയ്യും.
ആരോഗ്യ-വൈദ്യശാസ്ത്ര മേഖല
ഇന്ത്യയിലെ ആശുപത്രികൾക്കും ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങൾക്കും ഗുണകരമാകുന്ന രീതിയിലുള്ള ഇളവുകളാണ് നൽകിയിട്ടുള്ളത്.
മെഡിക്കൽ ഉപകരണങ്ങൾ: ഒപ്റ്റിക്കൽ, മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളിൽ 90% ഉത്പന്നങ്ങളുടെയും താരിഫ് ഒഴിവാക്കും. മിക്കവാറും എല്ലാ ഇനങ്ങളുടെയും നികുതി പൂർണമായും ഒഴിവാക്കും.
ഫാർമ: നിലവിലുള്ള 11% നികുതി ഒഴിവാക്കും.
ഭക്ഷ്യ-പാനീയ മേഖല
യൂറോപ്യൻ ഭക്ഷ്യ ഉത്പന്നങ്ങൾക്കും മദ്യത്തിനും ഏർപ്പെടുത്തിയിരുന്ന നികുതിയിൽ വൻ കുറവുണ്ടാകും.
മദ്യം: വൈനിന്റെ നികുതി 20-30 ശതമാനമായും, സ്പിരിറ്റിന്റേത് 40 ശതമാനമായും, ബിയറിന്റേത് 50 ശതമാനമായും കുറയ്ക്കും.
ഭക്ഷ്യ എണ്ണകൾ: ഒലീവ് ഓയിൽ, മാർഗരൈൻ, മറ്റ് സസ്യ എണ്ണകൾ എന്നിവയുടെ നികുതി കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യും.
99.5% ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഏഴു വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയൻ കുറയ്ക്കും. ഇന്ത്യൻ സമുദ്ര ഉത്പന്നങ്ങൾ, തുകൽ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, റബ്ബർ, അടിസ്ഥാന ലോഹങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ താരിഫുകൾ പൂജ്യമാകുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.






