
മുംബൈ: ലോകത്തെ വൻകിട വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ ഓഹരി വിൽപ്പനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ സബ്സിഡിയറിയായ ടൊയോട്ട കിർലോസ്കർ ലിമിറ്റഡിന്റെ ഓഹരികളാണ് വിൽക്കുക.
പ്രഥമ ഓഹരി വിൽപനയിലൂടെ 7000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐ.പി.ഒ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ബാങ്ക് മേധാവികളുമായി കമ്പനി നിരവധി തവണ ചർച്ച നടത്തിയതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.
ജപ്പാൻ തലസ്ഥാനമായ ടോകിയോയിലെ കമ്പനി ആസ്ഥാനത്തായിരുന്നു യോഗം. നിലവിൽ ടൊയോട്ടയുടെ ഓഹരികൾ യു.എസ്, യു.കെ, ജർമനി തുടങ്ങിയ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യക്ക് ശേഷം ആഭ്യന്തര ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ആഗോള വാഹന നിർമാതാക്കളാകും ടൊയോട്ട.
വിദേശ രാജ്യങ്ങളിലെ ബിസിനസിന് നേതൃത്വം നൽകുന്ന ടൊയോട്ട മോട്ടോർ കോർപറേഷന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായും മറ്റൊരു ഉന്നതതല ഉദ്യോഗസ്ഥനുമായാണ് ചർച്ച നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യൻ ഓഹരി വിപണിയിൽ വിജയകരമായി ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഐ.പി.ഒയെ കുറിച്ച് ടൊയോട്ട ആലോചന തുടങ്ങിയത്.
കിർലോസ്കർ ഗ്രൂപ്പുമായി ചേർന്ന് 1997ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ ടൊയോട്ടയുടെ ഇന്നോവ, ഹൈറൈഡർ, കാമ്രി, ഗ്ലാൻസ, ഹൈലക്സ് തുടങ്ങിയ കാറുകൾക്ക് ജനപ്രീതി ഏറെയാണ്. യാത്ര വാഹനങ്ങളുടെ വിപണിയിൽ കമ്പനിക്ക് 7.2 ശതമാനം പങ്കുണ്ട്.