
ഇന്ത്യയിലെ റോഡ് സൗകര്യങ്ങള്‍ വരും വർഷങ്ങളില്‍ അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
അടുത്തിടെ പ്രഖ്യാപിച്ച മുംബൈ-ബെംഗളൂരു 14 വരി പാത, മുംബൈ-ഗോവ അതിവേഗ പാത, ബെംഗളൂരു-ചെന്നൈ അതിവേഗ പാത തുടങ്ങിയ വമ്പൻ പദ്ധതികളുടെ പണി പുരോഗമിക്കുകയാണ്.
മികച്ച റോഡുകള്‍ വരുന്നതിലൂടെ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവുണ്ടാകുമെന്ന് മെന്ന് പറയുമ്പോഴും, ഇന്ത്യയെ സംബന്ധിച്ച് റോഡ് തന്നെ ഒരു വരുമാന ശ്രോതസ്സാണെന്നാണ് മന്ത്രിയുടെ പുതിയ പ്രസ്താവന തെളിയിക്കുന്നത്.
ദേശീയ പാതകളിലെ ടോള്‍ പിരിവില്‍ നിന്ന് രാജ്യത്തിന് ഒരു വർഷം 55,000 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് മന്ത്രി നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. നാഗ്പൂരിലെ ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഒരുവർഷം 55,000 കോടി രൂപയാണ് ഇന്ത്യയിലെ ടോള്‍ ബൂത്തുകളില്‍ നിന്നും പിരിഞ്ഞ് കിട്ടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളില്‍ ഇത് വർഷം 1.40 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്ത് കൂടുതല്‍ മികച്ച റോഡുകള്‍ വരുന്നതോടെ അടുത്ത 15 വർഷത്തിനുള്ളില്‍ പ്രതിവർഷ ടോള്‍ വരുമാനം 12 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ റോഡുകള്‍ നിർമിക്കുന്നത് രാജ്യത്തെ സാധാരണക്കാരുടെ പണം ഉപയോഗിച്ചാണ്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്ന് റോഡ് വികസനത്തിനായി പണം സ്വീകരിക്കാറില്ലെന്നാണ് ഗഡ്കരി പറയുന്നത്.
സാമ്പത്തിക പരിമിതികള്‍ റോഡ് വികസനത്തിന് തടസ്സമാകുന്നില്ലെന്നും വിദേശ നിക്ഷേപങ്ങളെ ആശ്രയിക്കാതെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ പ്രാപ്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.