ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

കുങ്കുമപ്പൂവിന്റെ ആഭ്യന്തര വിപണി കീഴടക്കാൻ തൃശ്ശൂർ സ്വദേശി

റിട്ടയർമെന്റ് ജീവിതം വെുതെ ഇരുന്ന് ചെലവഴിക്കേണ്ടതില്ലെന്ന് തെളിയിക്കുകയാണ് തൃശ്ശൂർ പുത്തൂർ സ്വദേശിയായ ജെയിംസ് കാപ്പാനി. സൗദി അറേബ്യൻ പ്രതിരോധ വകുപ്പിൽ വർഷങ്ങളോളം ജോലി ചെയ്ത് നാട്ടിലെത്തിയ ജെയിംസ്, റിട്ടയർമെന്റ് ജീവിതവും പ്രൊഡക്ടീവായി ചെലവഴിക്കണമെന്നണ് തീരുമാനിച്ചത്. കൃഷിയാണ് താത്പര്യമെന്ന് വീട്ടുകാരോടും സുഹൃത്തുക്കളോടും പറ‍ഞ്ഞുവെങ്കിലും വാഴയോ കപ്പയോ പച്ചക്കറികളോ ആയിരിക്കും ചെയ്യുകയെന്നാണ് അവർ കരുതിയത്. എന്നാൽ അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട്, അധികമാരും ധൈര്യപ്പെടാത്ത വഴിയാണ് ജെയിംസ് തെരഞ്ഞെടുത്തത്; കുങ്കുമപ്പൂ കൃഷി, അതും വീടിന്റെ മട്ടുപ്പാവിൽ.

മട്ടുപ്പാവിൽ പ്രത്യേകമായി തയ്യാറാക്കിയ 150 ചതുരശ്ര അടി മുറിയിലാണ് കൃഷി ചെയ്യുന്നത്. കശ്മീരി കേസർ അ​ഗ്രി ടെക് എന്ന് പേരിട്ട കുങ്കുമത്തോട്ടത്തിന് പോളി എത്തിലീൻ ഫോമുകൊണ്ട് മൂടിയ ഭിത്തികളാണുളളത്. അക്രോ ഫോം ട്രേകളിൽ സൂക്ഷിച്ച വിത്തുകൾക്ക് ജീവൻ നൽകുന്ന എയർ കണ്ടീഷണർ, അൾട്രാവയലറ്റ് പ്രകാശം, ഹ്യുമിഡിഫയർ നൽകി വരുന്ന ശരിയായ ഈർപ്പം എന്നിവയെല്ലാം കൂടി ഒരു ഹൈടെക് സാങ്കേതിക അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. 4 മുതൽ 20 ഡി​ഗ്രി വരെയുളള താപനിലയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. വിത്തുകളുടെ വളർച്ച ഉറപ്പാക്കാൻ തെർമോമീറ്ററും ലക്സ്മീറ്ററും പോലുള്ള ഉപകരണങ്ങൾ കൂടി ഉപയോഗിക്കുന്നു. ദൂരെയിരുന്ന് പോലും വളർച്ച നിരീക്ഷിക്കാൻ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.

ഈ മുറി തയ്യാറാക്കാൻ ഏകദേശം 7.5 ലക്ഷം രൂപയാണ് ചെലവായത്. കാശ്മീരിൽ നിന്നും നേരിട്ട് വിത്തുകളെത്തിച്ചു. ഒരു വിത്തിന് 40 രൂപയാണ് വില വരുന്നത്, കിലോയ്ക്ക് 3500 രൂപ. ആദ്യ ഘട്ടത്തിലെ വിത്തിനായി മാത്രം 4.8 ലക്ഷം രൂപയാണ് ചെലവായത്. ഓരോ വിത്തിൽ നിന്നും 2 മുതൽ 4 വരെ പൂക്കൾ വരുമെന്നാണ് പ്രതീക്ഷ. വിത്തുകൾ ട്രേയിൽ നിക്ഷേപിച്ച് 15 ദിവസത്തിനകം മുളപൊട്ടി. ഒക്ടോബർ 31-ന് വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. വിളവെടുപ്പ് പൂർത്തിയാകാൻ രണ്ട് മാസത്തോളമെടുക്കും. 500 കിലോ വിത്തിൽ നിന്നും ഒറ്റത്തവണ വിളവെടുപ്പിൽ 750 ​ഗ്രാം കുങ്കുമപ്പൂവാണ് ലഭിക്കുക. ഡ്രയറിൽ പൂക്കൾ ഉണക്കിയ ശേഷം പ്രത്യേക പ്ലക്കറുകൾ ഉപയോ​ഗിച്ച് പൂവിലെ കേസറെടുക്കും. ഈ കേസറാണ് കുങ്കുമപ്പൂവായി വിൽക്കുന്നത്. കേസറെടുത്ത ശേഷമുളള പൂ ആയുർവേദ മരുന്ന് നിർമാണത്തിനും ഉപയോ​ഗിക്കുന്നുണ്ട്. അതും വരുമാനമായി മാറും.

ഇന്ത്യയിൽ ആവശ്യമുളള കുങ്കുമപ്പൂവിന്റെ 10 ശതമാനം മാത്രമാണ് രാജ്യത്ത് കൃഷി ചെയ്യുന്നുളളൂ. ഇറാനിൽ നിന്നുമാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നത്. അതിനാൽ നാട്ടിൽ തന്നെ വിപണി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ജെയിംസ്. 15 മുതൽ 18 ​ഗ്രാം വരെയുളള വിത്തുകളിൽ നിന്നാണ് ​ഗുണമേന്മയുളള പൂക്കൾ ലഭിക്കുക. കൃഷി ചെയ്യുന്നത് വീട്ടിലാണെങ്കിൽ വീടും പരിസരവും കൃഷിയിടവുമെല്ലാം അണുവിമുക്തമായിരിക്കാൻ അതീവ ജാ​ഗ്രത പാലിക്കണം. മറ്റ് വിളകളെ പോലെ വിളവെടുത്ത ശേഷം നേരെ വിപണിയിലെത്തിച്ചാൽ വാങ്ങുന്ന ഉത്പന്നമല്ല. ലാബ് സർട്ടിഫിക്കേഷനെല്ലാം കുങ്കുമപ്പൂവിന് വേണം. കുങ്കുമപ്പൂ കൃഷി ചെയ്യാൻ താത്പര്യമുളളവർ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ കാശ്മീരിലെ കൃഷിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനവും നമുക്ക് നേടാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയിൽ പോളി ഹൗസുകളിലൂടെ വിത്തുത്പാദനം ആരംഭിക്കാനാണ് പദ്ധതി. നിലവിൽ കേരളത്തിൽ വയനാട്, കാന്തല്ലൂർ എന്നീ പ്രദേശങ്ങളിലാണ് കുങ്കുമപ്പൂ കൃഷി നടക്കുന്നത്. ഇനി തൃശ്ശൂരും പട്ടികയിൽ ഇടംനേടും. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും അംഗീകാരം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. സ്വർണത്തേക്കാൾ വില കൂടിയ വിള, റിട്ടയർമെന്റ് ജീവിതത്തിന് തിളക്കമേകിയപ്പോൾ, തൃശ്ശൂരിന്റെ മട്ടുപ്പാവിൽ വിരിഞ്ഞ ഈ പൂവ് കേരളത്തിലെ കൃഷിക്കാർക്ക് വലിയ പ്രചോദനം കൂടിയാണ്.

X
Top