
കൊച്ചി: കേരളത്തിന്റെ സംരംഭക ഭൂപടത്തിലെ ഏറ്റവും വലിയ വാർഷിക സംഗമമായി മാറിയ ടൈകോൺ കേരള 2025-ന് ഇന്ന് കുമരകം ദി സൂരി റിസോർട്ടിൽ തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന ദ്വിദിന സമ്മേളനം സ്റ്റാർട്ടപ്പുകളും സംരംഭക സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സംരംഭകത്വത്തെ ആഘോഷിക്കുകയും വളർച്ച, നിക്ഷേപം, ഇന്നൊവേഷൻ, അറിവ് പങ്കിടൽ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വേദിയായാണ് ടൈകോൺ കേരള.
സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന ടാഗ്‌ലൈനിലാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തെ ബിസിനസുകളെയും സ്റ്റാർട്ടപ്പുകളെയും ആഗോള അവസരങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. നിർമിത ബുദ്ധി, കാലാവസ്ഥാ–സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിർമാണ രംഗം, ഗതാഗത–മൊബിലിറ്റി പരിഹാരങ്ങൾ തുടങ്ങി വളർച്ച പ്രാപിക്കുന്ന മേഖലകളിലെ അവസരങ്ങളെക്കുറിച്ചുള്ള ചർച്ചകളും അനുഭവങ്ങളും ഇന്ന് മുതൽ അവതരിപ്പിക്കപ്പെടും.
മുൻനിര വ്യവസായികൾ, മാനേജ്മെന്റ് വിദഗ്ധർ, നിക്ഷേപകർ, ഗവേഷകർ, ഇന്നൊവേറ്റർമാർ എന്നിവരുടെ സാന്നിധ്യമാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ആകർഷണം. സമ്മേളനത്തിന്റെ മുഖ്യ വേദിയായി തുടരുന്ന ‘പിച്ച് ബേ’യിൽ പുതുമയുള്ള ആശയങ്ങളുമായി നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ന് മത്സരത്തിലിറങ്ങും. ആശയങ്ങളെ വിലയിരുത്താനായി ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വികെ മാത്യൂസ്, സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, ഗ്രൂപ്പ് മീരാൻ ചെയർമാനും സിഇഒയുമായ നവാസ് എം മീരാൻ, എംഎൻ ഹോൾഡിംഗ്സ് ചെയർമാൻ അജിത് മൂപ്പൻ, നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നീൻ ജഹാംഗീർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ജൂറി എത്തുന്നുണ്ട്.
ടൈ കേരള പുരസ്കാരം
സമ്മേളനത്തിന്റെ ഭാഗമായി ടൈ കേരള പുരസ്കാര ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നല്‍കിയ സംഭാവനകൾ പരിഗണിച്ച് ഏഴ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുക. ഇന്ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഇന്ത്യയിലെ മുൻനിര എഫ്എംസിജി ബ്രാൻഡായ കാവിൻ കെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി കെ രംഗനാഥൻ മുഖ്യ പ്രഭാഷണം നടത്തും. ടൈകോമിലൂടെ സംസ്ഥാനത്തെ യുവ സംരംഭകരെ അതിനൂതന ഡിജിറ്റൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോളതലത്തിൽ അവസരങ്ങൾ ഉപയോഗപ്പെടുത്താനും ശരിയായ നെറ്റ്‌വർക്കുകൾ കണ്ടെത്താനും അവസരം ഒരുക്കുമെന്ന് കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, സാങ്കേതിക–മാനേജ്മെന്റ് വിദ്യാർത്ഥികൾ എന്നിവർക്കായി അറിവ് ലഭിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും നിക്ഷേപാവസരങ്ങൾ കണ്ടെത്താനുമുള്ള മികച്ച വേദിയായാണ് ടൈകോൺ കേരള 2025 ഇന്ന് തുടക്കം കുറിക്കുന്നത്. അറിവിനെയും ആശയങ്ങളെയും വളർച്ചയിലേക്ക് മാറ്റാനുള്ള പ്രതീക്ഷകയോടെയാണ് സംരംഭക കേരളം ഇന്ന് കുമരകത്ത് ഒന്നിക്കുന്നത്.






