
അദാനി ഗ്രൂപ്പ് ഓഹരികളുടെ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യത്തില്‍ ഇന്നലെ മാത്രമുണ്ടായത് 1.93 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ്.
ജനുവരിയില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വിലതകര്‍ച്ചക്ക് വഴിവെച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പത്തെ വിലയിലേക്ക് മൂന്ന് ഓഹരികള്‍ തിരികെ കയറി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അപ്രസക്തമാണെന്ന് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ പ്രസ്‌താവനയെ തുടര്‍ന്നാണ് ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഒരു ദിവസത്തെ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്.
മൂന്ന് ഓഹരികള്‍ 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തിയ കുതിപ്പ് ഗ്രൂപ്പിന്റെ വിപണിമൂല്യം 11 മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുന്നതിന് വഴിവെച്ചു.
അദാനി ഗ്രൂപ്പിന് അനുകൂലമായ സുപ്രിം കോടതിയുടെ നിലപാടിനെ തുടര്‍ന്ന് നവംബര്‍ 28 മുതലാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ മുന്നേറ്റം തുടങ്ങിയത്. അതിനു ശേഷം 3.61 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിലുണ്ടായത്.
അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ എന്നിയാണ് ഇന്നലെ 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. അദാനി പവര്‍, അദാനി പോര്‍ട്‌സ് എന്നിവ 15 ശതമാനത്തിലേറെയും ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 16.91 ശതമാനവും ഉയര്‍ന്നു.
അദാനി പോര്‍ട്‌സ്, അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പത്തെ വിലയിലേക്ക് ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്ന ജനുവരി 24ലെ വിലയില്‍ നിന്നും അദാനി പവര്‍ 100 ശതമാനമാണ് ഉയര്‍ന്നത്. അദാനി പോര്‍ട്‌സ് അന്നത്തെ വിലയില്‍ നിന്നും 33 ശതമാനം മുകളിലാണ്.
ബ്ലൂംബെര്‍ഗിന്റെ അതിധനികരുടെ പട്ടികയില്‍ 16-ാം സ്ഥാനത്താണ് ഗൗതം അദാനി ഇപ്പോള്‍. തിങ്കളാഴ്‌ച അദ്ദേഹം ഇരുപതാം സ്ഥാനത്തായിരുന്നു. 7020 കോടി ഡോളറാണ് ആസ്‌തി.






