
ന്യൂഡല്‍ഹി: കഴിഞ്ഞ 5 മാസത്തില്‍ 107 ശതമാനം ഉയര്‍ന്ന് 15 വര്‍ഷ ഉയരം കുറിച്ച ഓഹരിയാണ് കെര്‍ണക്‌സ് മൈക്രോസിസ്റ്റംസിന്റേത് (Kernex Microsystems). പ്രോവിഷന്‍ ഓഫ് കവച്ച് (ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം) പദ്ധതിക്കായി കെര്‍ണക്‌സ്-കെഇസി കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച 254.86 കോടി രൂപയുടെ ബിഡ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സ്വീകരിച്ചതോടെയാണ് ഇത്. മാത്രമല്ല, 2019ല്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നല്‍കിയ ടിസിഎഎസ് കരാറിന്റെ നിര്‍വഹണം പൂര്‍ത്തിയാക്കാനും കമ്പനിയ്ക്കായി.
ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനങ്ങളുടെ രൂപകല്പന, വികസനം, വിന്യാസം എന്നിവയില്‍ വൈദഗ്ധ്യമുള്ള കമ്പനി, ഈജിപ്തിലെ ഓട്ടോമാറ്റിക്, സെമിഓട്ടോമാറ്റിക് റെയില്‍വേ ഗേറ്റുകള്‍ സ്ഥാപിക്കല്‍, ദക്ഷിണാഫ്രിക്കയിലെ റെയില്‍ സുരക്ഷാ പദ്ധതി എന്നിവയും പൂര്‍ത്തിയാക്കി. കെര്‍ണക്‌സ് മൈക്രോസിസ്റ്റംസ് റെയില്‍വേ സുരക്ഷാ സംവിധാനങ്ങള്‍, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. 2007 ഒക്‌ടോബറിനു ശേഷമുള്ള ഉയര്‍ന്ന നിലയിലാണ് സ്‌റ്റോക്കില്‍ വ്യാപാരം.
മാത്രമല്ല, എക്കാലത്തേയും ഉയരമായ 363 രൂപയ്ക്കടുത്തെത്താനും ഓഹരിയ്ക്ക് സാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ, വിപണി വില 28 ശതമാനം ഉയര്‍ന്നു. നിലവില്‍, കെര്‍ണക്‌സ് മൈക്രോസിസ്റ്റംസ് ബിഎസ്ഇയില്‍ ടി ഗ്രൂപ്പിന് കീഴിലാണ് വ്യാപാരം നടത്തുന്നത്. ഇന്‍ട്രാഡേ നെറ്റ്റ്റിംഗ് അനുവദനീയമല്ല.