വിഴിഞ്ഞം: ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അനുമതി നൽകിയതിനെ തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്(Vizhinjam International Seaport) ഇതാദ്യമായി ക്രൂചെയിഞ്ച്(Crew change) നടത്തി.
ജോലി സമയം കഴിഞ്ഞ ജീവനക്കാരെ കടലിലുളള യാനത്തിൽ നിന്ന് കരയിലേക്കും ഇവർക്കു പകരമായി മറ്റ് ജീവനക്കാരെ യാനത്തിലേക്കും എത്തിക്കുന്നതാണ് ക്രൂചെയിഞ്ച്.
അദാനി തുറമുഖ കമ്പനിക്കുവേണ്ടി കടലിൽ ഡ്രെഡ്ജിങ് നടത്തുന്ന എസ്. എസ് സ്പ്ലിറ്റ് ബാർജ് അഞ്ചിലെ ജീവനക്കാരെയാണ് ബെർത്തിലേക്ക് അടുപ്പിച്ച് കരയിലേക്കും പകരം ജീവനക്കാരെയെ കരയിൽ നിന്ന് ബാർജിലേക്കും തിരികെ കയറ്റിയത്.
ഇന്ത്യൻ യാനങ്ങളിലായാലും ജോലിസമയം കഴിഞ്ഞ് അവധിക്കുപോകുന്ന ജീവനക്കാർക്ക് പകരം പുതിയ ജീവനക്കാരെ കരയിൽ നിന്ന് കടലിൽ നങ്കൂരമിട്ടിരിക്കുന്ന യാനത്തിലേക്ക് കയറ്റുന്നതിന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ അനുമതിവേണം.
തിരുവനന്തപുരം എഫ്.ആർ.ആർ.ഒക്ക് സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. അജിത് പ്രസാദ്, ഡയറക്ടർ വിഷ്ണു പ്രസാദ് എന്നിവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബാർജിനെ തുറമുഖത്തെ ബെർത്തിലടുപ്പിച്ച് ക്രൂചെയിഞ്ച് നടത്തിയത്.
അദാനി തുറമുഖം കസ്റ്റംസ് നോട്ടിഫൈഡ് പോർട്ട് ആയതിനാൽ കോസ്റ്റൽ റൺ വെസലുകൾക്ക് (ഇന്ത്യൻ യാനങ്ങൾ) ക്രൂചെയിഞ്ചിനുളള അനുമതി നൽകിയതെന്ന് എഫ്.ആർ.ആർ.ഒ. അരവിന്ദ് മേനോൻ പറഞ്ഞു. 12 പേരാണ് ബാർജിലുളളത്.
തുറമുഖ കമ്പനിയുടെ ടഗ്ഗുകളിൽ മറൈൻ മേധാവി ക്യാപ്ടൻ തുഷാർ കിനിക്കറുടെ മേൽനോട്ടത്തിൽ എട്ടുപേർ ബാർജിൽ നിന്ന് കരയിലെത്തി. പകരം അഞ്ചു ജീവനക്കാർ ബാർജിലേക്കും തിരികെ കയറി.