
തിരുവനന്തപുരം: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിക്ക് കേന്ദ്രവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിച്ചു. 300.2 കോടി രൂപയാണ് കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ വികസന കോര്‍പ്പറേഷന് ലഭിച്ചത്. ഇതിന് ആനുപാതികമായി 316 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷന് കൈമാറി.
രണ്ടു ഗഡുക്കളായി കേന്ദ്രം 313.5 കോടി രൂപ കൈമാറിയപ്പോള്‍ സംസ്ഥാനം 330 ഏക്കര്‍ ഭൂമിയും നേരത്തേതന്നെ കൈമാറിയിരുന്നു. പദ്ധതിച്ചെലവിന്റെ 45 ശതമാനത്തോളം തുകയും അത്രത്തോളം ഭൂമിയും ഇതോടെ കെഐസിഡിസിയ്ക്ക് ലഭിച്ചുകഴിഞ്ഞു.
കേരള സര്‍ക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും (എന്‍ഐസിഡിഐടി) ചേര്‍ന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് പാലക്കാട് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു. സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എന്‍ഐസിഡിഐടി എംഡിയും സിഒയുമായ രജിത് സൈനി, കെഐസിഡിസി എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവരും കരാര്‍ നേടിയ ദിലീപ് ബില്‍ഡ്കോണ്‍- പിഎസ്പി സംയുക്ത സംരംഭത്തിന്റെ പ്രതിനിധികളും പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരും യോഗത്തില്‍ പങ്കെടുത്തു.
ഈ മാസം തന്നെ കരാര്‍ ഒപ്പിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിശ്ചിത സമയത്തിനു മുന്‍പുതന്നെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കാനുമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാര്‍ട് സിറ്റികളില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
1,450 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട സംസ്ഥാനം കൈക്കൊണ്ട കാര്യങ്ങള്‍ 2024 ജൂണില്‍ വ്യവസായ മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബോധ്യപ്പെടുത്തിയതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.
പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് കേന്ദ്രവിഹിതം പൂര്‍ണമായും അനുവദിക്കുകയും അതോടെ സംസ്ഥാനം ഏറ്റെടുത്ത ഭൂമി കോര്‍പ്പറേഷന് പൂര്‍ണമായും കൈമാറുകയും ചെയ്യും.






