
മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപം നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്ന പ്രവണത ശക്തമാകുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അക്കൗണ്ടുകളും നിര്‍ത്തലാക്കുകയോ കാലയളവ് കഴിഞ്ഞതോ ആയ അക്കൗണ്ടുകളും തമ്മിലുള്ള അനുപാതം (എസ്‌ഐപി സ്റ്റോപ്പേജ് റേഷ്യോ) ഡിസംബറില്‍ 85 ശതമാനമായി ഉയര്‍ന്നു. നവംബറില്‍ ഇത് 75.56 ശതമാനമായിരുന്നു.
ഡിസംബറില്‍ 43 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് നിര്‍ത്തല്‍ ചെയ്യപ്പെടുകയോ നിക്ഷേപ കാലയളവ് പൂര്‍ത്തിയാവുകയോ ചെയ്‌തത്. അതേ സമയം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 60.46 ലക്ഷം അക്കൗണ്ടുകളാണ്. നവംബറില്‍ 57.13 ലക്ഷം അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും 43 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കപ്പെടുകയും ചെയ്‌തിരുന്നു.
രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ അക്കൗണ്ടുകളുടെ എത്ര ശതമാനമാണ് നിര്‍ത്തലാക്കുകയോ കാലയളവ് കഴിഞ്ഞതോ ആയ അക്കൗണ്ടുകള്‍ എന്നതാണ് എസ്‌ഐപി സ്റ്റോപ്പേജ് റേഷ്യോ സൂചിപ്പിക്കുന്നത്.
ഡിസംബറില്‍ 33 ലക്ഷം അക്കൗണ്ടുകളാണ് നിര്‍ത്തലാക്കപ്പെട്ടതെന്ന് ആംഫി വ്യക്തമാക്കുന്നു. 18..6 ലക്ഷം അക്കൗണ്ടുകളുടെ നിക്ഷേപ കാലയളവ് പൂര്‍ത്തിയായി. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ് ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി.
തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ് ഇത്. വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്‌ഐപി ചെയ്യുന്നത്. ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ് കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു.
ഒന്നിച്ച് വലിയ തുക നിക്ഷേപം നടത്തുന്നതിന് പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ് എസ്‌ഐപി. ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നതാണ് എസ്‌ഐപിയുടെ മേന്മ.






