
തിരുവനന്തപുരം: മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സബ്സിഡി തുടർന്നും ലഭിക്കുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
കേരള സ്റ്റേറ്റ് ഇലട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻന്റെ നിർദേശപ്രകാരം വൈദ്യുതി നിരക്ക് കൂട്ടിയതായും, സബ്‌സിഡികൾ പിൻവലിച്ചതായും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ വലിയ ജനരോഷം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് 120 യൂണിറ്റിന് വരെ സബ്‌സിഡി പുനഃസ്ഥാപിച്ചു കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനം. വൈദ്യുതി നിരക്ക് ഉയർത്തിയത് 90 ലക്ഷം ഉപഭോക്താക്കളെ ബാധിക്കും.
120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 44 രൂപയാണ് സബ്സിഡി നൽകുന്നത്.
കെഎസ്ഇബി ആണ് ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നത്. അത് മൂലം കെഎസ്ഇബിക്കു ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തണം.
സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്നത് വലിയ പ്രശ്നമാണ്. ഈ പണം സർക്കാർ കൊടുക്കാതിരുന്നാലോ, കൊടുക്കാൻ താമസം നേരിട്ടാലോ, കെ എസ് ഇ ബി പ്രതിസന്ധിയിലാകും.