
മുംബൈ: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കടല്‍വഴിയുള്ള ഗതാഗത, ചരക്കു മേഖലയിലേക്ക് 420 കോടി ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്‍ അറിയിച്ചു. ഇതിന്‍റെ 75 ശതമാനവും കഴിഞ്ഞ മൂന്ന് വർഷത്തിനിടയില്‍ ലഭിച്ചിട്ടുള്ളതാണ്.
തുറമുഖ പ്രവർത്തനങ്ങളിലുള്ള കാര്യക്ഷമത മെച്ചപ്പെട്ടതോടെ, ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയായി. ഇന്ത്യന്‍ തുറമുഖങ്ങളില്‍ 2014ല്‍ 140 കോടി ടൺ ചരക്കു കൈകാര്യം ചെയ്തിരുന്നത് 2023ല്‍ ഇത് പ്രതിവർഷം 260 കോടി ടണ്ണായി ഉയർന്നു. ഈ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനു വലിയ സാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
2023 ലെ ലോകബാങ്കിൻ്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം മുപ്പത്തിയെട്ടാമതാണ്.
2014ല്‍ ഇത് അമ്പത്തിനാലാം സ്ഥാനത്തായിരുന്നു. ഇന്ത്യന്‍ കപ്പലുകളുടെ ടേൺ എറൌണ്ട് സമയം (ഒരു കപ്പല്‍ ഒരു പോയിൻ്റില്‍ നിന്ന് മറ്റൊന്നിലേക്ക് റൌണ്ട് ട്രിപ്പ് പൂർത്തിയാക്കി യഥാർത സ്ഥാനത്തേക്ക് മടങ്ങാൻ എടുക്കുന്ന സമയം) ഇപ്പോള്‍ 0 .9 ദിവസമാണ്.
ഏകദേശം ഇരുപത്തിരണ്ട് മണിക്കൂർ.ഇത് സിംഗപ്പൂർ (1 ദിവസം), യുഎഇ (1.1 ദിവസം), ജർമ്മനി (1.3 ദിവസം), യുഎസ്എ (1.5) ദിവസം), ഓസ്ട്രേലിയ (1.7 ദിവസം), റഷ്യ (1.8 ദിവസം), ദക്ഷിണാഫ്രിക്ക (2.8 ദിവസം)എന്നിവയേക്കാൾ മികച്ചതാണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങളുടെ കാര്യശേഷി ഗണ്യമായി വർധിച്ചിരിക്കുന്നു.
ഇൻ്റർനാഷണല്‍ ഷിപ്പ്‌മെൻ്റ് വിഭാഗത്തിലെ ആഗോള റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 2014-ൽ 44-ാം റാങ്കിൽ നിന്ന് 2023-ൽ 22-ാം സ്ഥാനത്തേക്ക് ഉയർന്നു. കപ്പല്‍ നിർമാണത്തിലും ഇന്ത്യ വൈദഗ്ധ്യം നേടിവരികയാണ്. വിമാനി വാഹിനിക്കപ്പല്‍ മുതല്‍ വൈവിധ്യമാർന്ന ചരക്കു കപ്പല്‍ വരെ നിർമിക്കാന്‍ ഇന്ത്യയ്ക്ക് ഇന്നു ശേഷിയുണ്ട്.
ഐഎൻഎസ് വിക്രാന്ത്, ഇന്ത്യൻ നാവികസേനയുടെ സേവനത്തിലുള്ള ഒരു വിമാന വാഹിനിക്കപ്പലാണ്. ഇത് നാവികസേനയുടെ ആഗോള തലത്തിലുള്ള വൈദഗ്ദ്ധ്യവും, സേവനവും ശക്തമായിക്കൊണ്ടിരിക്കുന്നുവെന്നത് വ്യക്തമാക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം പറഞ്ഞു.
ഐഎൻഎസ് വിക്രാന്ത് ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച കാരിയർ വിമാനവാഹിനിക്കപ്പലാണ്. കേരളത്തിലെ കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നിർമ്മിച്ചതാണ് ഇത്.