Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

ആർസിബിയെ വിൽക്കാനുള്ള നീക്കം തകൃതി

ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും സ്മൃതി മന്ഥാനയും ഉൾപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഇനി പുതിയ ഉടമകളെത്തും. ആർസിബിയുടെ ഓഹരി വിറ്റൊഴിയാനുള്ള നടപടികളുടെ അടുത്തഘട്ടത്തിലേക്ക് നിലവിലെ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനിയുടെ കീഴിലെ ഇന്ത്യാ വിഭാഗമായ യുണൈറ്റഡ് സ്പിരിറ്റ്സ് കടന്നു.

കോലി-മന്ഥാന ഫ്രാഞ്ചൈസി
റോയൽ ചാലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് (ആർസിഎസ്പിഎൽ) കീഴിലാണ് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുരുഷടീമും വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) സ്മൃതി മന്ഥാനയുടെ ടീമും മത്സരിക്കുന്നത്. ഇതിനകം 9-10 പേർ ആർസിബിയുടെ ഓഹരികൾ സ്വന്തമാക്കാൻ താൽപ്പര്യപത്രം സമർപ്പിച്ചെന്നാണ് വിവരം.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല, മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ ഡോ. രഞ്ജൻ പൈ, സ്വീഡിഷ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപകനം ഇക്യുടി, മാഞ്ചസ്റ്റർ യുണൈറ്റഡ് സഹഉടമ അവ്റാം ഗ്ലേസറിന്റെ ലാൻസർ ക്യാപിറ്റൽ തുടങ്ങിയവർ ആർസിബി ഓഹരി വിൽപനയുടെ രണ്ടാംഘട്ട നടപടികളിലേക്ക് കടന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ബ്ലാക്ക്സ്റ്റോണും കളത്തിൽ
ബെംഗളൂരു ആസ്ഥാനമായ നിക്ഷേപക സ്ഥാപനം പ്രേംജി ഇൻവെസ്റ്റ്, യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്സ്റ്റോൺ, ഡബ്ല്യുപിഎല്ലിൽ നിലവിൽ യുപി വാരിയേഴ്സിന്റെ ഉടമകളായ എൻബിഎഫ്സി കാപ്രി ഗ്ലോബൽ, ടൈംസ് ഓഫ് ഇന്ത്യയിലെ ഉന്നതർ നയിക്കുന്ന കൺസോർഷ്യം, യുഎസ് സംരംഭകരായ കൽ സോമാനി, സഞ്ജയ് ഗോവിൽ എന്നിവരുടെ കൺസോർഷ്യം തുടങ്ങിയവയും രണ്ടാംഘട്ടത്തിലുണ്ട്.

ഫ്രാഞ്ചൈസിയുടെ 100% ഓഹരികളും വിറ്റൊഴിയാനാണ് നിലവിലെ ഉടമകളുടെ നീക്കം. 2 ബില്യൻ ഡോളറാണ് (ഏകദേശം 18,100 കോടി രൂപ) മൂല്യം പ്രതീക്ഷിക്കുന്നത്. അന്തിമ വിൽപനമൂല്യത്തിൽ മാറ്റമുണ്ടായേക്കാം. ഐപിഎല്ലിലെ മറ്റ് പ്രമുഖ ഫ്രാഞ്ചൈസികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നിവയും ഓഹരി വിൽപന ഉദ്ദേശിക്കുന്നുണ്ട്.

വമ്പൻ പണത്തൂക്കം
2025ലെ ഒരു റിപ്പോർട്ട് പ്രകാരം ഐപിഎല്ലിന്റെ മൊത്തം ബിസിനസ് മൂല്യം 2023ലെ 15.4 ബില്യൻ ഡോളറിൽ നിന്ന് 18.5 ബില്യനിലേക്ക് വർധിച്ചിരുന്നു. ബ്രാൻഡ് മൂല്യം 3.2 ബില്യനിൽ നിന്നുയർന്ന് 3.9 ബില്യനിലുമെത്തി. ബ്രാൻഡ് മൂല്യത്തിൽ ഒന്നാമത് നിലവിലെ ചാംപ്യന്മാരായ ആർസിബി തന്നെ, 269 മില്യൻ ഡോളർ. 242 മില്യനുമായി മുംബൈ ഇന്ത്യൻസാണ് രണ്ടാമത്.

ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് 235 മില്യൻ, ഷാറുഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 227 മില്യൻ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

മല്യയുടെ ക്രിക്കറ്റ് ടീം
വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസായിരുന്നു ആർസിബിയുടെ ആദ്യ ഉടമസ്ഥർ. യുണൈറ്റഡ് ബ്രൂവറീസിന്റെ ഉപസ്ഥാപനമായിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് (യുഎസ്എൽ) ആയിരുന്നു ആർസിബി പ്രമോട്ടർമാർ.

2012ലാണ് യുഎസ്എലിന്റെ മുഖ്യ ഓഹരി പങ്കാളിത്തം ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തത്. പിന്നീട്, വായ്പാത്തട്ടിപ്പ് കേസ് ഉയർന്നതിന് പിന്നാലെ മല്യ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് മുങ്ങി. ഇതോടെ 2016ൽ യുഎസ്എലിന്റെ മുഴുവൻ ഓഹരികളും ഡിയാജിയോ വാങ്ങുകയായിരുന്നു.

X
Top