
ഓസ്കാർ പുരസ്‌കാരം മലയാളത്തിന്റെ മണ്ണിലേക്കെത്തിച്ച അതുല്യ പ്രതിഭ, ഒപ്പം ബാഫ്റ്റ പുരസ്കാരവും. മികച്ച ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറും എന്നീ നിലകളിൽ ലോക പ്രശസ്തൻ. അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് കൊല്ലം ജില്ലയിലെ അഞ്ചൽ, വിളക്കുപാറ സ്വദേശിയായ റസൂൽ പൂക്കുട്ടിക്ക്. 2008ലെ ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത്.
പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയ പൂക്കുട്ടി ഹോളിവുഡ് സിനിമകൾക്ക് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1997-ൽ രജത് കപൂർ സംവിധാനം ചെയ്ത പ്രൈവറ്റ് ഡിറ്റക്റ്റീവ്: ടു പ്ലസ് ടു പ്ലസ് വൺ എന്ന ചിത്രത്തിലൂടെയാണ് പൂക്കുട്ടി സൗണ്ട് ഡിസൈനിൽ അരങ്ങേറ്റം കുറിച്ചത്.
അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദ മിശ്രണത്തിനുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തിരുന്നു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ. ന്യൂയോർക്കിലെ റോച്ചസ്റ്റണിൽ നിന്ന് ശ്രീ. പൂക്കുട്ടിക്ക് ഡിസ്റ്റിംഗ്വിഷ്ഡ് എഞ്ചിനീയർ എന്ന പദവി ലഭിച്ചു.
2010-ൽ, സിനിമയ്ക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച്, രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അതേ വർഷം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി. മലയാളിയുടെ എഴുപത് വർഷത്തെ യാത്രയിൽ ആഗോള അംഗീകാരം തേടിയെത്തിയ അതുല്യ പ്രതിഭകളിൽ ഒരാളാണ് റസൂൽ പൂക്കുട്ടി.






