
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് വിവിധ വിഭാഗങ്ങൾക്ക് സന്തോഷംപകരുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ വമ്പിച്ച ക്ഷേമപദ്ധതികളുടെ പ്രഖ്യാപനങ്ങളില്ലെങ്കിലും ക്ഷേമപെൻഷന്റെ പരിധി വർധിപ്പിക്കാനും വിവിധ ക്ഷേമപെൻഷനുകളുടെ പരിധിയിൽ പരമാവധി പേരെ ഉൾക്കൊള്ളിക്കാനും ബജറ്റിൽ ശ്രമിച്ചിട്ടുണ്ട്.
വിഴിഞ്ഞം പോർട്ടിന് ആയിരം കോടി, പിഡബ്ല്യുഡി റോഡുകൾക്ക് 1882 കോടി, പാലം വികസനത്തിന് 1100 കോടി എന്നിങ്ങനെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ പദ്ധതിക്ക് 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണ കമ്മീഷൻ, അഷ്വേർഡ് പെൻഷൻ പദ്ധതി, ഡിഎ കുടിശ്ശിക മൂന്നുമാസത്തിനകം കൊടുത്തുതീർക്കുമെന്ന പ്രഖ്യാപനം, മെഡിസെപ് 2.0, സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങൾക്കടക്കം ഇൻഷുറൻസ് പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ശബരിമല മാസ്റ്റൽ പ്ലാൾ 30 കോടിയാക്കിയതും ശ്രദ്ധേയമാണ്.
വയോജനങ്ങൾക്കും താഴേത്തട്ടിലുള്ളവർക്കും പ്രയോജനകരമായ നിലപാടാണ് സർക്കാരിൻറേതെന്ന് വ്യക്തമാക്കിയായിരുന്നു ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. തുടർന്ന്, 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
മുതിർന്ന പൗരന്മാരുടെ കമ്മ്യൂണിറ്റി ലിവിങ് ക്ലസ്റ്ററുകളും റിട്ടയർമെന്റ് ഹബുകളും നിർമ്മിക്കുന്നതിന് ആദ്യ രണ്ട് വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയോടെ 20 കോടി രൂപവരെ വായ്പ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനമുണ്ടായി. ഇതിനായി 30 കോടി രൂപ നീക്കിവച്ചു. നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
വൈദ്യശുശ്രൂഷ-പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതിവിഹിതം വർധിപ്പിച്ച് 2500.31 കോടിയായി വകയിരുത്തി. കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടി നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്. ബി.പി.എൽ കുടുംബങ്ങളിലെ അറുപതുവയസ്സും അതിനുമുകളിലും പ്രായമുള്ളവർക്കാണ് പദ്ധതിയിൽ പ്രാധാന്യം നൽകുക. ഇതിനായി അമ്പതുകോടിരൂപ മാറ്റിവെച്ചു. ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്കുതല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും.
സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശ്ശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡി.എ. ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യുമെന്നാണ് വാഗ്ദാനം. ബാക്കിയുള്ള കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും. ഹൗസ് ബിൽഡിങ് അഡ്വാൻസ് പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള പ്രഖ്യാപനവും സുപ്രധാനമാണ്.
കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തി മെഡിസെപ് 2.0 ഫെബ്രുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ- സഹകരണ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കും. ഹരിത കർമ സേനാംഗങ്ങൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾ എന്നിവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും എടുത്തുപറയേണ്ടതാണ്.
ഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ പഠനം നടത്തുന്നതിന് 10 കോടി അനുവദിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 10.4 കോടി നീക്കിവെച്ചതായും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 79 കോടി വകയിരുത്തി.
കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ‘കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ’ പദ്ധതിക്കായി ബജറ്റിൽ 100 കോടി രൂപ നീക്കിവച്ചത് എടുത്തുപറയേണ്ടതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ 78.45 കോടി രൂപ അനുവദിച്ചു. ഇതിൽ വി.എഫ്.പി.സി.കെ വഴിയുള്ള പ്രവർത്തനങ്ങൾക്ക് 18 കോടി രൂപയും ഉൾപ്പെടുന്നു.
തെങ്ങ് കൃഷിയുടെ ഉന്നമനത്തിനായി 73 കോടി രൂപ നീക്കിവച്ചു. ഹൈടെക്/പ്രിസിഷൻ ഫാമിങ് സംരംഭങ്ങൾക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയോടെ വായ്പ നൽകും. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കാർഷിക കർമ്മ സേനകൾക്കും കസ്റ്റം ഹയറിങ് സെന്ററുകൾക്കുമായി 10 കോടി രൂപ അനുവദിച്ചു. വിള ഇൻഷുറൻസ്: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 33.14 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതാക്ഷേമം മുൻനിർത്തിയുള്ള ചില പദ്ധതികളും ബജറ്റിലുണ്ട്. 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ്‌വുമണുകൾക്കും പ്രതിമാസം 1,000 രൂപ ധനസഹായം നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3,720 കോടി രൂപ ബജറ്റിൽ വകയിരുത്തി.
കുടുംബശ്രീ എ.ഡി.എസുകൾക്ക് പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപയും കുടുംബശ്രീയുടെ ആധുനികവത്കരണത്തിനും വിപണനത്തിനുമായി ആകെ 275 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.






