സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

മലയാളിയെ ലോകം കാണിച്ച സഞ്ചാരം

ലോകത്തിനു കുറുകെ യാത്രയുടെ രജതരേഖ വരയ്ക്കുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഇന്ന് ട്രാവല്‍ വ്‌ളോഗര്‍മാര്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും അവരുടെയൊക്കെ തലതൊട്ടപ്പന്‍ എന്ന് വിശേഷിപ്പിക്കാം അദ്ദേഹത്തെ. സന്തോഷ് ഏറ്റവുമധികം സന്ദര്‍ശിച്ച രാജ്യങ്ങള്‍ അമേരിക്കയും ചൈനയുമാണ്. ‘സഞ്ചാരം’ എന്ന പരിപാടിയിലൂടെ ലോകം ചുറ്റി പ്രസിദ്ധനായ ‘സന്തോഷ് ജോര്‍ജ്ജ് കുളങ്ങര’ ആയിരിക്കും കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി. ഇതുവരെ 150-ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. സഞ്ചാരം എന്ന വാക്കിന് ഇപ്പോള്‍ സന്തോഷ് ജോര്‍ജ് കുളങ്ങര എന്നുകൂടി അര്‍ഥമുണ്ട്. ഇതുവരെ പോയിട്ടും കണ്ടിട്ടും ഇല്ലാത്ത എത്രയോ നാടുകളും മനുഷ്യരേയും മലയാളി കണ്ടിട്ടുളളത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കണ്ണുകളിലൂടെയാണ്. ലോകസഞ്ചാരി, മാധ്യമപ്രവര്‍ത്തകന്‍, ലേബര്‍ ഇന്ത്യ പബ്ലിഷര്‍, സഫാരി ചാനലിന്റെ ഉടമ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം അങ്ങനെ ഒരേസമയം അനവധി ചുമതലകള്‍ വഹിക്കുന്ന മലയാളിയുടെ പ്രിയങ്കരനാണ് അദ്ദേഹം. 

മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ ചാനലാണ് അദ്ദേഹത്തിന്റെ സഞ്ചാരം ഡോട്ട് കോം. പിന്നീട് സ്വന്തമായി സഫാരി എന്നൊരു ചാനല്‍ ആരംഭിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷക ചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും മുഖ്യ പര്യവേഷകനുമാണ് ഈ കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശി. ഇതുകൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സിന്റെ മാനേജിംഗ്       ഡയറക്ടറും കൂടിയാണ് സന്തോഷ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിഷേധിക്കാനാകാത്ത സ്ഥാനം ലേബര്‍ ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.

ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലിലെ ദൃശ്യ യാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ നിര്‍മാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ആദ്യകാലങ്ങളില്‍ പ്രസിദ്ധമായത്. തുടര്‍ന്ന് സ്വന്തം സംരംഭങ്ങളില്‍ ശ്രദ്ധയൂന്നിയ അദ്ദേഹം സഫാരിക്ക് തുടക്കമിട്ടു. പരസ്യങ്ങളേതുമില്ലാതെ സൗജന്യമായി സംപ്രേക്ഷണം ചെയ്യുന്നു എന്നത് സഫാരിയുടെ പ്രത്യേകതയാണ്.

സന്തോഷ് ജോര്‍ജ് കുളങ്ങരയല്ലാതെ, യാത്ര ചെയ്യാന്‍ മാത്രം നൂറ്റിയമ്പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു ഇന്ത്യക്കാരനുള്ളതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഒരു സഞ്ചാരി എന്നതിലുപരി സ്വന്തമായി വഴി വെട്ടിതെളിയിക്കുന്നതില്‍ വിജയിച്ച മലയാളി സംരഭകന്‍ കൂടിയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. തന്റെ അനുഭവ സമ്പത്തുകള്‍ മൂലധനമാക്കി ആറോളം പുസ്തകങ്ങള്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര രചിച്ചിട്ടുണ്ട്. കേരളത്തിലെ സഞ്ചാരികളുടെ പ്രിയങ്കരനായ, വഴികാട്ടിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരേട് എഴുതി ചേര്‍ക്കുകയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.

X
Top