
- രേഷ്മ കെ.എസ്.
ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ വന്ന മാറ്റം വളരെ പ്രധാനമാണ്. ബാങ്ക് കൗണ്ടറുകളും, എടിഎമ്മുകളും പരസ്പരമുളള പണമിടപാടുകളുമായിരുന്നു അതിന് മുൻപ് വരെയുളള സാമ്പത്തിക കൈമാറ്റങ്ങളുടെ പ്രധാന രീതി. എന്നാലിന്ന്, ഗ്രാമ-നഗര വ്യത്യാസമില്ലാതെ ചായക്കടയിലും വലിയ ഷോപ്പിംഗ് മാളുകളിലും വരെ ചെറിയ സാമ്പത്തിക ഇടപാടുകൾ പോലും ഡിജിറ്റലാണ്. യുപിഐ എന്ന സാങ്കേതിക പരീക്ഷണം ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റമായി മാറ്റിയിരിക്കുന്നു. ഇത് ഒരു സാമ്പത്തിക ജനാധിപത്യവത്കരണമായും വിശേഷിപ്പിക്കാം. പണം കൈമാറാനും, വാങ്ങലുകളും വില്പനകളും നടത്താനും ഒരു ബാങ്ക് അക്കൗണ്ടും സ്മാർട്ട്ഫോണും മതിയെന്ന തലത്തിലേക്ക് നാം മാറിക്കഴിഞ്ഞു.
എന്നാൽ ഇതിന് പിന്നിൽ, നാം അധികം ശ്രദ്ധിക്കാത്ത ഒരു അപകടം കൂടി പതിയിരിക്കുന്നുണ്ട്; വർധിക്കുന്ന കടബാധ്യതകൾ. ഡിജിറ്റൽ ലോൺ ആപ്പുകൾ മിനിറ്റുകൾക്കകമാണ് ഉപഭോക്താക്കൾക്ക് പണം വായ്പയായി നൽകുന്നത്. അധികം തെളിവുകളോ സമയമോ ഒന്നും തന്നെ വേണ്ടെന്നത് ആളുകളെ വളരെ വേഗം ഇതിലേക്ക് ആകർഷിക്കുന്നു. ബൈ നൗ, പേ ലേറ്റർ പദ്ധതികൾ, ക്വിക്ക് ക്രെഡിറ്റ് ഓപ്ഷനുകൾ എന്നിവ ഉപഭോക്തൃ ജീവിതത്തിൽ ചെറുതും സുതാര്യവുമായ രീതിയിൽ കടന്നു കയറി കഴിഞ്ഞു. മുൻപ് കടമെടുക്കൽ ഒരു തീരുമാനം ആയിരുന്നു. ഇന്ന്, അത് ഒരു ടച്ചിനപ്പുറം മാത്രമാണ്. ഇത് നമ്മുടെ ഉപഭോഗ സംസ്കാരത്തേയും സാമ്പത്തിക ശീലങ്ങളേയും ആഴത്തിൽ മാറ്റി.
ഈ വായ്പകൾ ഇഐഎം വ്യവസ്ഥയിൽ ഫോണിലൂടെ തന്നെ തിരിച്ചടയ്ക്കാമെന്ന സൗകര്യവും ആളുകൾക്ക് തങ്ങൾ വലിയ കടത്തിന് ഉടമയാണെന്ന ചിന്തയും നൽകുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഒരു അടിസ്ഥാന തത്വ പ്രകാരം, കടം എന്നാൽ ഭാവിയിലെ വരുമാനത്തെ മുൻകൂട്ടി ചെലവഴിക്കുന്നതാണ്. അതിനാൽ, ഇന്നത്തെ ചെറുകിട ഉപഭോഗ സ്വാതന്ത്ര്യം ഭാവിയിലെ സാമ്പത്തിക ഭദ്രതയെ കുറയ്ക്കുന്നു. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വ്യാപകമാകുന്നത് വികസനത്തിന്റെ ഒരു പ്രധാന സൂചികയാണെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ചൂണ്ടിക്കാണിക്കുന്നു. ഇത് വ്യാജമല്ല. ബാങ്കിംഗ്, ഇൻഷുറൻസ്, നിക്ഷേപം, വ്യക്തിഗത അക്കൗണ്ടിംഗ് എന്നിവയെല്ലാം തുറന്നുകൊടുക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് ഡിജിറ്റൽ സാമ്പത്തിക നെറ്റ്‌വർക്കുകൾ. എന്നാൽ, ഈ ശൃംഖലയുടെ സാമൂഹിക-സാമ്പത്തിക സ്വാധീനത്തെ കുറിച്ചുള്ള ചർച്ച ഇപ്പോഴും പരിമിതമാണ്.
അറിയാതെ തെരഞ്ഞെടുക്കപ്പെടുന്ന കടബാധ്യത
ബൈ നൗ, പേ ലേറ്റർ പദ്ധതികൾ മുൻപുണ്ടായിരുന്ന ‘സാമ്പത്തിക നിയന്ത്രണം’ എടുത്ത് കളയുകയാണ്. ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ഭാവയിലെ വരുമാനം കടത്തിലേക്കുളള ഇഎംഐയുമായി മാറ്റുന്നു. മധ്യവർഗ കുടുംബങ്ങളിൽ, പ്രത്യേകിച്ച് 20 മുതൽ 35 വയസ്സ് വരെയുള്ളവർക്ക്, കടം ഭാരമല്ല, ജീവിതഘടനയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അറിയാതെ തെരഞ്ഞെടുക്കപ്പെടുന്ന കടബാധ്യതാ സംസ്കാരം വേരൂന്നുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഉപഭോക്താവിന്റെ മുൻഗണനകൾ, സ്വഭാവം, ആഗ്രഹങ്ങൾ, സംഭാഷണങ്ങൾ, ജീവിതരീതി, ബ്രൗസിംഗ് ഡാറ്റ, എല്ലാം പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കുന്നുണ്ട്. “നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾക്കത് ഇപ്പോൾ വാങ്ങാം, പണം പിന്നീട് നൽകിയാൽ മതി” എന്ന രീതിയിലാണ് നിർബന്ധമില്ലാത്ത, പക്ഷേ നിർദേശാത്മകമായ ഉപഭോഗ സമ്മർദം സൃഷ്ടിക്കപ്പെടുന്നത്. ഒരു ദശാബ്ദം മുമ്പ് ശരിയായ പ്ലാൻ ചെയ്ത് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിൽ നിന്ന്, ഇന്ന് താത്കാല ആഗ്രഹങ്ങൾക്ക് മുൻഗണന നൽകുന്ന ഉപഭോക്താവിലേക്കാണ് പരിവർത്തനം സംഭവിച്ചിരിക്കുന്നത്.
ഈ ദീർഘകാല യാത്രയുടെ പ്രതിഫലനം വളരെ വലുതാണ്. കുടുംബങ്ങളുടെ അടിയന്തര നിക്ഷേപങ്ങൾ കുറയുന്നു. കടബാധ്യതയുടെ ഇഎംഐകൾ വരുമാനത്തിന്റെ ഒരു സ്ഥിര വിഹിതം പിടിച്ചുപറിക്കുന്നു. ഭാവി സാമ്പത്തിക സുരക്ഷ മാറ്റിവെക്കപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. അതായത്, ഡിജിറ്റൽ സാമ്പത്തിക വായ്പകൾ, സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നിക്കുകയും അത് ഒരു ആശ്രിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനുപുറമെ, അസംഘടിതമായ ചില വായ്പാ ആപ്പുകൾ ഉയർന്ന പലിശയും പീഡനപരമായ വായ്പ തിരിച്ച് പിടിക്കൽ രീതികളും പിന്തുടരുന്നതായി നിരവധി റിപ്പോർട്ടുകൾ ഉയർന്നുവരുന്നു. ഈ മേഖലയിലെ നിയന്ത്രണങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ലെന്നത് തന്നെ ഒരു ഇൻസ്റ്റിറ്റ്യൂഷണൽ റിസ്കാണ്.
ആർബിഐ പലതവണ ഇടപെട്ടിട്ടും, ഡിജിറ്റൽ കടങ്ങളുടെ യഥാർത്ഥ സ്കെയിൽ ഇന്ത്യയിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇത്തരം ബിസിനസ്സുകളുടെ പിടിയിൽപെട്ട്, ഭീഷണിയിൽപ്പെട്ട് മരണം തിരഞ്ഞെടുത്തവരും ചുരുക്കമല്ല. ഡിജിറ്റൽ ഫിനാൻസ് ഒരു ചരിത്രപരമായ അവസരം തന്നെയാണ്. അത് ഉത്തരവാദിത്വത്തോടെയും ബോധ്യത്തോടെയും ഉപയോഗിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വളർച്ചയ്ക്കും വലിയ കരുത്തായി മാറും. എന്നാൽ അത് നിയന്ത്രണം നഷ്ടപ്പെട്ടമായാൽ സൃഷ്ടിക്കുന്ന പരിക്കുകൾ നിസ്സാരമായിരിക്കില്ല. സാമ്പത്തിക വിദ്യാഭ്യാസം, ഉത്തരവാദിത്വമുള്ള വായ്പാ നയങ്ങൾ, സ്വയംനിയന്ത്രിത ഉപഭോഗ സംസ്കാരം എന്നിവയാണ് യഥാർത്ഥ പരിഹാരം.






