
ന്യൂയോർക്ക്: പ്രതീക്ഷകൾ ശരിവച്ച് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ബുധനാഴ്ച്ച പ്രഖ്യാപിച്ച പണനയത്തിൽ 4.25-4.50 ശതമാനമായാണ് പലിശ നിലനിർത്തിയത്.
കഴിഞ്ഞ ഡിസംബറിനുശേഷം യുഎസ് ഫെഡ് പലിശ പരിഷ്കരിച്ചിട്ടില്ല. പലിശനിരക്ക് കുറയ്ക്കണമെന്ന ശക്തമായ സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് നിരന്തരമുണ്ടായിട്ടും ഗൗനിക്കാതെയാണ് ഫെഡിന്റെ തീരുമാനം.
പലിശ കുറയ്ക്കാൻ തയാറാകാത്ത യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിനെ ട്രംപ് വീണ്ടും ‘മണ്ടൻ’ എന്ന് പരസ്യമായി ആക്ഷേപിച്ചു. ‘‘യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്രബാങ്കുകൾ പലിശ കുറച്ചിട്ടും യുഎസിന്റെ കേന്ദ്രബാങ്ക് കുറച്ചില്ല.
നമ്മുടെ കേന്ദ്രബാങ്കിനെ നയിക്കുന്നതൊരു വിഡ്ഢിയാണ്’’ – ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും ട്രംപ് പവലിനെ ‘മണ്ടൻ’ എന്നു പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ട്. ഇന്നലത്തെ യോഗത്തിലും പലിശ കുറയ്ക്കാതിരുന്നതോടെ ട്രംപും പവലും തമ്മിലെ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുമൊരുങ്ങി.
ട്രംപിന്റെ താരിഫ് നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിക്കുന്ന ആഘാതം വരുംനാളുകളിൽ പ്രതിഫലിച്ച് തുടങ്ങുമെന്നും യുഎസിൽ പണപ്പെരുപ്പം നിയന്ത്രണപരിധി വിട്ടുയരുമെന്നും സാമ്പത്തികവളർച്ച (ജിഡിപി) ഇടിയുമെന്നും യുഎസ് ഫെഡ് വ്യക്തമാക്കി.
പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാൽ, ഇത് 3 ശതമാനത്തിനു മുകളിലേക്ക് ഉയരുമെന്ന് ഫെഡ് വിലയിരുത്തി.
ഈ പശ്ചാത്തലത്തിലും 2025ൽ രണ്ടുതവണ പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡ് ‘ഡോട്ട് പ്ലോട്ടിൽ’ വ്യക്തമാക്കി. പലിശനയം പ്രഖ്യാപിക്കുമ്പോൾ അടുത്ത യോഗങ്ങളിലെ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങളും കൂടി യുഎസ് ഫെഡ് പറയാറുണ്ട്.
ഇതിനെയാണ് ”ഡോട്ട് പ്ലോട്ട്” എന്ന് വിശേഷിപ്പിക്കുക. 2025, 2026, 2027 വർഷങ്ങളിലായി ഇനി 6 തവണ കൂടി പലിശനിരക്ക് കുറയ്ക്കുമെന്ന് നേരത്തേ യുഎസ് ഫെഡ് പറഞ്ഞിരുന്നു.
2026ലും 2027ലും പലിശ കുറയ്ക്കാനുള്ള സാധ്യത പ്രഖ്യാപനത്തിൽ ഒന്നുവീതം വെട്ടിക്കുറച്ചു. 2027വരെ ഇനി ആകെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത 4 തവണയാണ്.