
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തെ പെയിന്റ് വിപണിയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. ഓഹരി, സ്വർണ, നാണയ വിപണികള്‍ മികച്ച വരുമാനം നല്‍കിയതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തുണ്ടായ മുരടിപ്പും പെയിന്റ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ മുൻനിര പെയിന്റ് നിർമ്മാതാക്കളായ ഏഷ്യൻ പെയിന്റ്സ്, കെൻസായി നെരോലാക്, ബെർജർ പെയിന്റ്സ്, ഇൻഡിഗോ തുടങ്ങിയവയെല്ലാം വിറ്റുവരവിലും ലാഭത്തിലും മാർജിനിലും കനത്ത സമ്മർദ്ദം നേരിടുകയാണ്. മത്സരം രൂക്ഷമായതോടെ വിപണിയില്‍ വിലയുദ്ധവും മുറുകുന്നു.
ജനുവരി മുതല്‍ മാർച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്‌സിന്റെ അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 692 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവില്‍ 1,257 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. പ്രവർത്തന വരുമാനവും നാല് ശതമാനം കുറഞ്ഞു.
കെൻസായി നെരാേലാകിന്റെ അറ്റാദായം ഇക്കാലയളവില്‍ 6.5 ശതമാനം കുറഞ്ഞ് 108.5 കോടി രൂപയായി. വരുമാനം 2.7 ശതമാനം വർദ്ധിച്ചിട്ടും ലാഭക്ഷമത കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ബെർഗർ പെയിന്റ്സിന്റെയും വിറ്റുവരവിലും വരുമാനത്തിലും കാര്യമായ കുറവുണ്ടെന്നാണ് വിലയിരുത്തുന്നത്.
വെല്ലുവിളികള്‍
- നഗരങ്ങളിലും ഗ്രാമങ്ങളിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ വീട് മോഡി കൂട്ടുന്നതടക്കമുള്ള ജോലികള്‍ ഉപഭോക്താക്കള്‍ നീട്ടിവക്കുന്നു
- കാലാവസ്ഥയിലെ രൂക്ഷമായ വ്യതിയാനവും തൊഴിലാളി ക്ഷാമവും ഗാർഹിക മേഖലയില്‍ പെയിന്റ് ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുന്നു
- ഓട്ടോമോട്ടീവ്, ജനറല്‍ ഇൻഡസ്‌ട്രീസ് മേഖലകളില്‍ പെയിന്റ് ഉപഭോഗം കുത്തനെ കൂടുന്നുവെങ്കിലും കടുത്ത മത്സരം ലാഭത്തില്‍ ഇടിവുണ്ടാക്കുന്നു
- ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാക്കുന്ന ഇടിവ് ഇറക്കുമതി ചെലവ് കൂട്ടുന്നതും കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുന്നു
മത്സരം മുറുകുന്നു
ഗ്രാസിം, ജെ.എസ്.ഡബ്‌ള‌്യു തുടങ്ങിയ വൻകിട ഗ്രൂപ്പുകള്‍ പെയിന്റ് ഉത്പാദന രംഗത്ത് സജീവമായതോടെ വിപണിയില്‍ മത്സരം രൂക്ഷമാകുന്നു. നിലവിലുള്ള കമ്പനികള്‍ക്ക് മേല്‍ കനത്ത സമ്മർദ്ദമാണ് ഇവരുടെ വരവ് സൃഷ്‌ടിക്കുന്നത്.
വിപണി വിഹിതം നിലനിറുത്താൻ നിരവധി ഇളവുകളും ഡീലർമാർക്ക് അധിക കമ്മീഷനും നല്‍കാൻ കമ്പനികള്‍ നിർബന്ധിതരാകുന്നു. വിപണനത്തിന് അധിക പണം ചെലവഴിക്കേണ്ടി വരുന്നതും കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടാക്കി.