
കൊച്ചി: അങ്കമാലി-എരുമേലി ശബരി പാതയും ഗുരുവായൂർ-തിരുനാവായ പാതയും മരവിപ്പിച്ച നടപടി റെയിൽവേ ബോർഡ് റദ്ദാക്കി. കേന്ദ്ര ബജറ്റ് അടുത്ത മാസം ഒന്നിന് അവതരിപ്പിക്കാനിരിക്കേയാണ് ബോർഡിന്റെ നിർണായക തീരുമാനം.
ശബരി പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും റെയിൽവേ ബോർഡിന്റെ ഉത്തരവിലുണ്ട്. രണ്ടു പദ്ധതികളും മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിരുന്നു.
നിർമാണ ജോലികൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കാത്തതിനാൽ 2019-ലാണ് രണ്ടു പദ്ധതികളും റെയിൽവേ മരവിപ്പിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇരു പദ്ധതികൾക്കും കേന്ദ്ര ബജറ്റിൽ പണം അനുവദിക്കുന്നുണ്ടായിരുന്നു. എന്നാൽ, മരവിപ്പിച്ച പ്രോജക്ടുകൾ ആയതിനാൽ അത് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രതിവർഷം 100 കോടി രൂപയാണ് ശബരി പദ്ധതിക്കായി അനുവദിച്ചു പോരുന്നത്. ഗുരുവായൂർ – തിരുനാവായ പാതയ്ക്കായി 45 കോടി രൂപയും കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നു. ശബരി പാതയ്ക്ക് സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് റെയിൽവേ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
പദ്ധതി മരവിപ്പിച്ചിരിക്കുന്നതിനാൽ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങാൻ ബുദ്ധിമുട്ടാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.





