
- രാജ്യത്തെ ആദ്യ ഐടി പാര്‍ക്കാണ് ടെക്നോപാര്‍ക്
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി ക്യാംപസായ ടെക്നോപാര്‍ക്ക് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ട് ജൂലൈ 28ന് 35 വര്‍ഷം പിന്നിട്ടു. മൂന്ന് പതിറ്റാണ്ട് മുൻപ് കശുമാവുകൾ തിങ്ങി നിറഞ്ഞ് നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇന്ന് ടെക്നോപാർക് സ്ഥിതി ചെയ്യുന്ന ഭാഗം.
ഇന്ന് ദേശീയപാതയ്ക്ക് സമീപമുള്ള വൈദ്യന്‍കുന്നിലാണ് ഏഷ്യയിലെ ഏറ്റവും വലുതും പരിസ്ഥിതി സൗഹൃദവുമായ ഐടി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍റെ ഐടി ഭൂപടത്തിന്‍റെ മുഖമുദ്രയായി ടെക്നോപാര്‍ക് മാറിയതിന് പിന്നില്‍ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെയും രാഷ്ട്രീയ സഹകരണത്തിന്‍റെയും പങ്ക് സ്തുത്യർഹമാണ്.
തിരുവനന്തപുരത്തെ സാങ്കേതിക ഹബ്ബാക്കി ഉയര്‍ത്തുന്നതില്‍ ടെക്നോപാര്‍കിന്‍റെ പങ്ക് നിര്‍ണായകമാണ്. സംസ്ഥാനത്തിന്‍റെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് കരുത്ത് പകര്‍ന്നതും കേരളത്തിന്‍റെ ഐടി ആവാസവ്യവസ്ഥയുടെ വികസനത്തിന് കേന്ദ്രബിന്ദുവായ ടെക്നോപാര്‍ക്കാണ്.
അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സൗഹൃദ ക്യാംപസ്, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ നിലനില്‍ക്കുന്നതിനാല്‍ ആഗോള ഐടി ഭീമന്‍മാര്‍, രാജ്യത്തെ പ്രമുഖ കമ്പനികള്‍, അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ നിരന്തര തെരഞ്ഞെടുപ്പ് കേന്ദ്രം കൂടിയാണ് ടെക്നോപാര്‍ക്.
സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതി രംഗത്ത് സുപ്രധാന സംഭാവനയാണ് ടെക്നോപാര്‍ക് നല്‍കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13,255 കോടിയായിരുന്നു ഇത്. 2024-25 വര്‍ഷം 15 ശതമാനം അധിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ടെക്നോപാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു.
ടെക്നോപാര്‍ക്കിന്‍റെ ഉദ്ഘാടന കെട്ടിടമായ പമ്പയില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യത്തെ കമ്പനിയായിരുന്നു ബ്രഹ്മസോഫ്റ്റ് എന്ന ഇന്നത്തെ ആര്‍ആര്‍ ഡോണെല്ലി. 2,000 ത്തിലധികം പേരാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്.
ടെക്നോപാര്‍ക്കിന്‍റെ പ്രാരംഭ നാളുകളില്‍ പ്രവര്‍ത്തനം തുടങ്ങിയ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പാര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഉതകാന്‍ വിധമുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും സുപ്രധാന പങ്കാണ് വഹിച്ചത്.
കഴിഞ്ഞ 35 വര്‍ഷക്കാലമായി ടെക്നോപാര്‍ക് ആഗോള കമ്പനികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പുതുമുഖ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരാനുള്ള വളക്കൂറുള്ള അന്തരീക്ഷം ഒരുക്കിയെന്ന് തീര്‍ത്തും അഭിമാനത്തോടെ പറയാനാകുമെന്ന് ടെക്നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു.
ശക്തമായ ഇ എസ് ജി തത്വങ്ങള്‍, തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ ലഭിച്ച ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ്, സുപ്രധാന വിപുലീകരണങ്ങള്‍ എന്നിവ സാമ്പത്തിക സ്ഥിരതയും വിശ്വാസ്യതയും തെളിയിക്കുന്നതാണ്. അങ്ങനെ നവീകരണത്തിന്‍റെ പുതുയുഗത്തിലേയ്ക്ക് തങ്ങള്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഇന്ന് ടെക്നോപാര്‍ക് അഞ്ച് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നു. 760 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടിയിലാണ് പ്രവര്‍ത്തനം.
ഇന്‍ഫോസിസ്, യുഎസ്ടി, ടിസിഎസ്, എച്ച്സിഎല്‍ടെക്, ആക്സെഞ്ചര്‍, ടാറ്റ എല്‍ക്സി, അലയന്‍സ്, ഗൈഡ്ഹൗസ്, നിസ്സാന്‍ ഡിജിറ്റല്‍, ഒറാക്കിള്‍, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബല്‍, ടൂണ്‍സ് ആനിമേഷന്‍ തുടങ്ങിയ ആഗോള പ്രമുഖ സ്ഥാപനങ്ങള്‍ക്കൊപ്പം 500 ലധികം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.