
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കരാര്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി യുഎസ് ആസ്ഥാനമായ പാന്റൂണ്‍ സര്‍വീസസുമായി കരാറിലെത്തിയതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ നൈപുണ്യ ശേഷിയിലെ വിടവ് ചൂണ്ടിക്കാട്ടി 2 ശതമാനം തൊഴില്‍ ശക്തി കുറയ്ക്കാന്‍ ഐടി ഭീമന്‍ തീരുമാനിച്ചിരുന്നു.
തുടര്‍ന്നാണ് അപ്രതീക്ഷിത നീക്കം. പാന്റൂണ്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നല്‍കുന്ന സ്ഥാപനങ്ങളെ സമീപിക്കുമെന്നും ഇടപാടുകള്‍ ഇവര്‍ തമ്മിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ടിസിഎസിന്റെ റിസോഴ്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പ് (ആര്‍എംജി)യാണ് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്നത്.
തൊഴിലവസരങ്ങളുടെ എണ്ണം ഇനി പന്റൂണിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും പ്രസിദ്ധീകരിക്കുക. സ്റ്റാഫിനെ നല്‍കുന്ന ഇടനിലക്കാര്‍ ഈ പ്ലാറ്റ്‌ഫോമില്‍ ജീവനക്കാരുടെ പ്രൊഫൈല്‍ സമര്‍പ്പിക്കുകയും പോണ്ടൂണ്‍ ലെവല്‍ സ്‌ക്രീനിംഗ് നടത്തുകയും ചെയ്യും.
അന്തിമ തീരുമാനം ടിസിഎസിന്റേതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ജീവനക്കാരെ നല്‍കുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.






