
മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 8.3 ശതമാനം ഉയർന്ന് 10,431 കോടി രൂപയായതായി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 9,624 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
അവലോകന പാദത്തിൽ ഏകീകൃത വരുമാനം ഒരു വർഷം മുമ്പുള്ള 46,867 കോടി രൂപയിൽ നിന്ന് 18 ശതമാനം വർധിച്ച് 55,309 കോടി രൂപയായതായി ടിസിഎസ് റെഗുലേറ്ററി ഫയലിംഗിൽ കൂട്ടിച്ചേർത്തു.
സ്ഥാപനത്തിന്റെ നിലവിലെ ഓർഡർ ബുക്ക് 8.1 ബില്യൺ ഡോളറാണ്. കൂടാതെ കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 8 രൂപയുടെ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തു. ആദ്യ പാദത്തിൽ ടിസിഎസിന്റെ ഏകീകൃത ലാഭം 9,478 കോടിയായി ഉയർന്നിരുന്നു.
അതേസമയം ഫലത്തിന് മുന്നോടിയായി തിങ്കളാഴ്ച, കമ്പനിയുടെ ഓഹരി 2 ശതമാനം ഉയർന്ന് 3,121 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.