
- കൊച്ചി ഇൻഫോപാർക്കിൽ ജോലിയിൽ പ്രവേശിക്കാനെത്തിയവരോട് ഒക്ടോബർ വരെ കാത്തിരിക്കാനാണ് നിർദേശം നല്കിയിരിക്കുന്നത്
കൊച്ചി: രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി (ടിസിഎസ്) സർവീസസ് രണ്ട് ശതമാനം ജീവനക്കാരെ പിരിച്ച് വിടാൻ നടപടികൾ ആരംഭിച്ചുവെന്ന റിപ്പോർട് പുറത്ത് വന്നതോടെ സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്ക പടർന്നു. ടിസിഎസ്സിന്റെ ആറര ലക്ഷത്തിനടുത്ത് ജീവനക്കാരിൽ രണ്ട് ശതമാനം പേർ, അതായത് ചുരുങ്ങിയത് 12,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും.
പിരിച്ചുവിടലിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, ഓൺലൈനിലെയും അനുബന്ധ കമ്യൂണിറ്റികളിലെയും ആശങ്കകൾ ചെറുതല്ല.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെങ്കിലും ടിസിഎസ്സിൽ പുതിയ നിയമനങ്ങൾ നിലച്ചു. മറ്റ് സ്ഥാപനങ്ങളിൽ നിന്നും ജോലി രാജി വെച്ച് ടിസിഎസിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുന്നവരാണ് പ്രതിസന്ധിയിലായത്. കാക്കനാട് ഇൻഫോപാർക്കിൽ ജോലിയിൽ പ്രവേശിക്കാനെത്തിയവരോട് ഒക്ടോബർ വരെ കാത്തിരിക്കാനാണ് നിർദേശം നല്കിയിരിക്കുന്നത്. ഇത്തരത്തിൽ ജോലിയിൽ പ്രവേശിക്കാനാകാതെ 15 പേരോളമാണുളളത്.
കേരളത്തിലെ ടെക് പാർക്കുകളും സ്റ്റാർട്ടപ്പുകളും മിഡ്-ലെവൽ ഐടി സ്ഥാപനങ്ങളും ടിസിഎസ് പോലെയുള്ള കമ്പനിയെയാണ് പല കാര്യങ്ങളിലും മാതൃകയാക്കുന്നത്. അതിനാൽ, മാനവശേഷിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പ്രതിസന്ധിക്ക് വഴിവെക്കുമെന്നും, റിക്രൂട്ട്മെന്റ് പദ്ധതികൾക്ക് തടസ്സം വരുത്തുമെന്നും വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ എന്നി കമ്പനികൾ ഹയറിംഗ് ഫ്രീസ്, സൈലന്റ് എക്സിറ്റ്, യൂട്ടിലൈസേഷൻ ബേസ്ഡ് റീസ്ട്രക്ചറിംഗ് എന്നിവ സ്വീകരിച്ചിരുന്നു. എന്നാൽ ഇതിലുപരിയുളള ശക്തമായ ആഘാതങ്ങളാണ് ടിസിഎസ്സിലെ പിരിച്ച് വിടൽ സൃഷ്ടിക്കുകയെന്നാണ് കണക്കാക്കുന്നത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവും കുറഞ്ഞ ബജറ്റുമാണ് കാരണമായതെന്നാണ് കണക്കാക്കുന്നത്.
ജീവനക്കാർക്ക് അനുകൂലമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ,ഐടി മന്ത്രിമാർക്ക് നിവേദനം നല്കിയതായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി അറിയിച്ചു.
സംസ്ഥാനത്തെ ഐടി പാർക്ക് അധികൃതരും തൊഴിൽവകുപ്പും പുതിയ ഉദ്യോഗാർത്ഥികൾക്കും നിലവിലെ ജീവനക്കാർക്കും നൈപുണ്യ വികസനത്തിന് അവസരം ഒരുക്കണമെന്ന് ടെക് കമ്മ്യൂണിറ്റി ആവശ്യമുന്നയിക്കുന്നു.
അതുപോലെ, നവ സംരംഭങ്ങൾക്കും ഐടി എസ്എംഇകൾക്കുമായി പ്രഖ്യാപിച്ച പ്രോത്സാഹന പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെടുന്നു.