
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യ കമ്പനി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ബുധനാഴ്ച നാലാം പാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചു.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 14.8 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. 11,392 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ലാഭം.
മൂന്നാം പാദത്തില്‍ 10,846 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16.9 ശതമാനം ഉയര്‍ന്ന് 59,162 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ 58,229 കോടി രൂപയായിരുന്നു വരുമാനം.
കറന്‍സിയുടെ സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 10.7 ശതമാനമാണ് വരുമാന വളര്‍ച്ച. വരുമാനത്തില്‍ പ്രതീക്ഷകളെ മറികടക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു.
14,448 കോടി രൂപയാണ് എബിറ്റ. അതേസമയം എബിറ്റമാര്‍ജിന്‍ 0.5 ശതമാനം ഇടിവ് നേരിട്ട് 24.5 ശതമാനത്തിലെത്തി. അറ്റമാര്‍ജിന്‍ 19.3 ശതമാനം.
കമ്പനി പറയുന്നതനുസരിച്ച്, യുകെ (17 ശതമാനം QoQ), റീട്ടെയില്‍ & കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്സ് (CPG) (13 ശതമാനം QoQ), ലൈഫ് സയന്‍സസ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (12 QoQ ശതമാനം) എന്നിവയാണ് പ്രധാന വരുമാന സ്രോതസ്സുകള്‍.
ഈ പാദത്തിലെ ഓര്‍ഡര്‍ ബുക്ക് 10 ബില്യണ്‍ ഡോളറാണ്. മൊത്തം 2023 ഓര്‍ഡര്‍ ബുക്ക് ടിസിവി(മൊത്തം കരാര്‍ മൂല്യം) 34 ബില്യണ്‍ ഡോളര്‍.
ഈ പാദത്തില്‍ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 821 ആയി ഉയര്‍ന്നതായി കമ്പനി അറിയിച്ചു. അതിന്റെ അവസാന പന്ത്രണ്ട് മാസത്തെ ഐടി സേവനങ്ങളുടെ ആട്രിഷന്‍ നിരക്ക് 20.1 ശതമാനമായിരുന്നു.
ഓഹരിയൊന്നിന് 24 രൂപ എന്ന അന്തിമ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.