
വ്യത്യസ്ത ആസ്തികൾക്ക് ബാധകമായ മൂലധന നേട്ട നികുതിയിലെ നിക്ഷേപ കാലയളവ് വരുന്ന ബജറ്റിൽ ഏകീകരിച്ചേക്കും. രണ്ട് വർഷം കൈവശം വെച്ചശേഷം വിൽക്കുകയാണെങ്കിലാണ് റിയൽ എസ്റ്റേറ്റ് ഇടപാടിൽ ദീർഘകാല മൂലധന നേട്ട നികുതി ബാധകമാകുക.
അതിന് താഴെ ഹ്രസ്വകാല മൂലധ നേട്ട നികുതിയാണ് നൽകേണ്ടത്. ഓഹരിയിലെയും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലെയും കാലയളവാകട്ടെ 12 മാസമാണ്. ഒരു വർഷത്തിന് മുകളിൽ കൈവശംവെച്ച ശേഷമാണ് ഓഹരി വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതി നൽകിയാൽ മതി.
കാലയളവ് ഏകീകരിച്ചാലും നികുതി നിരക്കിൽ മാറ്റംവരുത്തിയേക്കില്ല. വസ്തു വിറ്റാൽ ദീർഘകാല മൂലധന നേട്ടത്തിന് 20 ശതമാനമാണ് ബാധ്യത. വിലക്കയറ്റം(ഇൻഡക്സേഷന്) കിഴിച്ചുള്ള തുകയ്ക്കാണ് നികുതി കണക്കാക്കേണ്ടത്.
മൊത്തം വരുമാനത്തോടൊപ്പം കൂട്ടിച്ചേർത്ത് ബാധകമായ സ്ലാബിലാണ് ഹ്രസ്വകാല മൂലധ നേട്ടത്തിന് നികുതി നൽകേണ്ടത്. ഒരു വർഷത്തിനുള്ളിലാണ് ഓഹരി വിറ്റ് ലാഭമെടുക്കുന്നതെങ്കിൽ 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ടനികുതി നൽകണം.
അതേസമയം, മുതിർന്ന പൗരന്മാർക്ക് ഇക്കാര്യത്തിൽ ഇളവ് അനവദിച്ചേക്കും. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾക്ക് മൂലധന നേട്ടത്തിനുള്ള പരിധിയാകും ഉയർത്തുക.
വില്പനയിൽ നിന്ന് ലഭിക്കുന്ന തുക ചികിത്സക്കും പ്രായമായവരെ പരിചരിക്കാനും ഉപയോഗിക്കുകയാണെങ്കിൽ ഇളവുകൾ അനുവദിക്കുന്ന കാര്യവും പരിണിച്ചേക്കും.






