
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് ഒരു അണ്‍ലിസ്റ്റഡ് സ്വകാര്യ കമ്പനിയായി തുടരണമെന്ന് ടാറ്റ ട്രസ്റ്റ്‌സ. ഇതിനായി സാധ്യമായതെല്ലാം ചെയ്യണമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനോട് ഇവര്‍ ആവശ്യപ്പെട്ടു.
ടാറ്റ സണ്‍സില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ ഓഹരികള്‍ കൈകാര്യം ചെയ്യുന്ന ഷപൂര്‍ജി പല്ലോജി ഗ്രൂപ്പിനെ സ്ഥാപനത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള വഴികളാണ് ഇവര്‍ തിരയുന്നത്.
പല്ലോജി ഗ്രൂപ്പിന്റെ പുറത്തുകടക്കലിനായി അവരോട് ചര്‍ച്ചകള്‍ തുടരാന്‍ ട്രസ്റ്റ് ചെയര്‍മാനോട് ആവശ്യപ്പെടുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഔദ്യോഗിക ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 65.9 ശതമാനം പങ്കാളിത്തമാണ് നോയല്‍ ടാറ്റ നയിക്കുന്ന ടാറ്റ ട്രസ്റ്റ്‌സിനുള്ളത്.
ആര്‍ബിഐ ലിസ്റ്റിംഗിനെക്കുറിച്ചും എസ്പി ഗ്രൂപ്പ് പുറത്തുകടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രസ്റ്റ് നടത്തിയത് ഒരു അപൂര്‍വ്വ പ്രസ്താവനയാണെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ആദ്യമായാണ് ഇക്കാര്യത്തില്‍ ട്രസ്റ്റ് ഒരു പരസ്യ പ്രസ്താവനയ്ക്ക് തയ്യാറാകുന്നത്. പുതിയ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്ഥാപനം കര്‍ക്കശ നിലപാടിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്.
2021 ലെ ആര്‍ബിഐ ഉത്തരവ് അനുസരിച്ച്, എല്ലാ ഉയര്‍ന്ന ലെയര്‍ നോണ്‍-ബാങ്കിംഗ് ധനകാര്യ കമ്പനികളും 2025 സെപ്റ്റംബറോടെ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
ജൂലൈ 28 ന് നടന്ന ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡ് മീറ്റിംഗ് ചന്ദ്രശേഖരന്റെ കാലാവധി ഫെബ്രുവരി 2027 വരെ നീട്ടിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റ്‌സ് ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ വികസന യാത്രയെ രൂപപ്പെടുത്തുന്ന സ്ഥാപനമാണ്.