
കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള പരോക്ഷ ഉപസ്ഥാപനമായ പി.ടി. ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ, ഇന്തോനേഷ്യയില്‍ 70,000 വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. കൃഷി ആവശ്യങ്ങള്‍ക്കും ഗ്രാമീണ ലോജിസ്റ്റിക്‌സിനും, പ്രത്യേകിച്ച് ഫാം ടു മാര്‍ക്കറ്റ് ഗതാഗതത്തിനും ചരക്കു നീക്കത്തിനുമായി ഈ വാഹനങ്ങള്‍ ഉപയോഗിക്കും.
ടാറ്റ മോട്ടോര്‍സ് 35,000 യൂണിറ്റ് വീതം ടാറ്റ യോദ്ധയും (പിക്അപ്പ്) ടാറ്റ അള്‍ട്രാ ടി.7നും (ട്രക്ക്) വിതരണം ചെയ്യും. ഈ വാഹനങ്ങള്‍ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിടി അഗ്രിനാസ് പാംഗന്‍ നുസാന്താരയ്ക്കാണ് കൈമാറുക.
കാര്‍ഷിക വിതരണ ശൃംഖല നവീകരണം, ഗ്രാമീണ സഹകരണസംഘങ്ങളുടെ ശക്തീകരണം, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ വാഹനങ്ങള്‍ രാജ്യത്തെ ഗ്രാമീണ ബന്ധം, ഉപജീവനമാര്‍ഗങ്ങള്‍, സാമ്പത്തിക പ്രതിരോധ ശേഷി എന്നിവ ശക്തിപ്പെടുത്താന്‍ സഹായിക്കും.
വ്യത്യസ്തവും കഠിനവുമായ പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടാറ്റയുടെ ട്രക്കുകളും പിക്അപ്പുകളും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുകയും രാജ്യത്തുടനീളം ചരക്കുകള്‍ കാര്യക്ഷമമായി നീക്കാന്‍ സഹായിക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വാഹനങ്ങള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ വാണിജ്യ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും വിശ്വാസവുമാണ് ഈ ഓര്‍ഡര്‍ തെളിയിക്കുന്നതെന്നും കാര്‍ഷിക, ലോജിസ്റ്റിക്‌സ് രംഗത്ത് കൂടുതല്‍ കാര്യക്ഷമത കൈവരിക്കാന്‍ ഈ വാഹനങ്ങള്‍ സഹായിക്കുമെന്നും പി.ടി. ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ ഡയറക്ടര്‍ അസിഫ് ഷമീം പറഞ്ഞു.






