
ഇറ്റലിയിലെ വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ ഇവെക്കോയെ (Iveco) ടാറ്റ മോട്ടോഴ്‌സ് (Tata Motors) ഏറ്റെടുക്കുന്നത് 450 കോടി ഡോളറിന് (ഏകദേശം 40,000 കോടി രൂപ). ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലായി ഇത് മാറും. 2007ല്‍ കോറസ് സ്റ്റീലിനെ ഏറ്റെടുക്കാന്‍ 1,310 കോടി ഡോളറാണ് ടാറ്റ ഗ്രൂപ്പ് മുടക്കിയത്. പിന്നീട് 2008ല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ (JLR) 230 കോടി ഡോളറിനും സ്വന്തമാക്കിയിരുന്നു.
ഡിഫന്‍സ് ബിസിനസും ബാക്കി ബിസിനസും രണ്ട് വ്യത്യസ്ത ഇടപാടുകളിലൂടെ വിറ്റഴിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതായി ഇവെക്കോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറ്റലിയിലെ അഗ്നേലി കുടുംബത്തിനു (Agnelli family) കീഴിലിലുള്ള നിക്ഷേ കമ്പനിയായ എക്‌സോറില്‍ നിന്നാണ് ടാറ്റ മോട്ടോഴ്‌സ് ഇവെക്കോയുടെ 27.1 ശതമാനം ഓഹരികള്‍ വാങ്ങുക.
മറ്റ് ചെറു ഓഹരി ഉടമകളില്‍ നിന്ന് ഓപ്പണ്‍ ഓഫര്‍ വഴി ബാക്കി ഉള്ള ഓഹരികളും സ്വന്തമാക്കും. ഡച്ച് കമ്പനി വഴിയായിരിക്കും ടാറ്റ മോട്ടോഴ്‌സ് ഇവെക്കോ ഇടപാട് നടത്തുക എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇവെക്കോയുടെ ഡിഫന്‍സ് ബിസിനസ് ടാറ്റ മോട്ടോഴ്‌സിന് വില്‍ക്കുന്നില്ല.
ട്രക്കുകള്‍ക്ക് പുറമെ ബസുകളും എഞ്ചിനുകളും ഇവെക്കോ പുറത്തിറക്കുന്നുണ്ട്.
വോള്‍വോ (Volvo), ഡെംലൂ(Daimler) , ട്രാറ്റോണ്‍(Traton) പോലുള്ള വമ്പന്‍ കമ്പനികളുമായി പിടിച്ചു നില്‍ക്കാനാകാത്തതാണ് ഇവെക്കോ വില്‍പനയിലേക്ക് നയിച്ചത്.
ഇവെക്കോയുടെ വാണിജ്യ വിഭാഗത്തിന്റെ വരുമാനത്തിന്റെ 70 ശതമാനവും ട്രക്ക് വില്‍പ്പനയില്‍ നിന്നാണ്. ബസുകളും പവര്‍ട്രെയിനുകളും 15 ശതമാനവും ഭാരം കുറഞ്ഞ വാണിജ്യ വാഹനങ്ങള്‍ 13.3 ശതമാനവും പങ്കു വഹിക്കുന്നു. മീഡിയം ഹെവി വാഹനങ്ങളുടെ വിഹിതം എട്ട് മുതല്‍ 9 ശതമാനം വരെയാണ്.
അഗ്നേലി കുടുംബത്തിന് ടാറ്റ മോട്ടോഴ്‌സുമായും മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുമായും കാലങ്ങളായി ബിസിനസ് ബന്ധങ്ങളുണ്ട്. ആഗ്നേലി കുടുംബത്തിന്റെ ഫിയറ്റ് മോട്ടോഴ്‌സുമായി (Fiat Motors) ചേര്‍ന്ന് ടാറ്റ ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഇടപാടായാണ് അഗ്നേലി ഫാമിലി ഇതിനെ കാണുന്നത്.
ടാറ്റ മോട്ടോഴ്‌സിന് വാണിജ്യ വാഹന വിപണിയില്‍ പഴയ പ്രതാപം നഷ്ടപ്പെടുന്നതിനിടയിലാണ് പുതിയ നീക്കം. 2019 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ വാഹന വിപണിയില്‍ 42 ശതമാനം വിഹിതം ടാറ്റമോട്ടോഴ്‌സിനുണ്ടായിരുന്നങ്കില്‍ 2024-25ല്‍ ഇത് 36 ശതമാനമായി ഇടിഞ്ഞിരുന്നു. ചെറു ട്രക്കുകളുടെ വില്‍പ്പന കുറഞ്ഞതാണ് ടാറ്റ മോട്ടോഴ്‌സിന് തിരിച്ചടിയായത്. ഇതിനെ മറികടക്കാന്‍ പുതിയ മോഡലുകളുമായി കളം നിറയാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്‌സ്.
ഏറ്റെടുക്കല്‍ വിജയമായാല്‍ ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന വില്‍പ്പന വരുമാനം 75,000 കോടിയില്‍ നിന്ന് രണ്ട് ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല യൂറോപ്പിലും മറ്റും സാന്നിധ്യം ശക്തമാക്കാനും ഇത് സഹായിക്കും.
വാണിജ്യ വാഹന വിഭാഗത്തെ വേര്‍പെടുത്തി മറ്റൊരു കമ്പനിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്‌സ് . ഇവീക്കോയെ ഏറ്റെടുക്കുന്നതു വഴി ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും 2025 ഡിസംബറോടെ പുതിയ കമ്പനി രൂപീകരിക്കാനുമാകുമെന്നാണ് കണക്കുകൂട്ടല്‍.