
അഹമ്മദാബാദില്‍ അടുത്തിടെയുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 500 കോടി രൂപയുടെ ട്രസ്റ്റ് രൂപീകരിക്കാന്‍ ടാറ്റാ സണ്‍സ് .
ജൂണ്‍ 12-നുണ്ടായ ദുരന്തത്തിനു ശേഷമുള്ള ആദ്യ ബോര്‍ഡ് മീറ്റിംഗില്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഗ്രൂപ്പ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദുരിതാശ്വാസ നടപടികള്‍ വേഗത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 12-ന് ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകരുകയും 270-ല്‍ അധികം പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്കായി ഒരു ട്രസ്റ്റും മറ്റൊന്ന് വിദേശ പൗരന്മാര്‍ക്കും എന്നിങ്ങനെ രണ്ട് പ്രത്യേക ട്രസ്റ്റുകള്‍ സ്ഥാപിക്കാന്‍ ആണ് ആലോചന.
റിപ്പോര്‍ട്ട് അനുസരിച്ച്, ഈ തുക 271 ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും, വൈദ്യസഹായം നല്‍കാനും, ദുരന്തബാധിതമായ ബി.ജെ. മെഡിക്കല്‍ കോളേജും സിവില്‍ ആശുപത്രിയും നവീകരിക്കാനും ഉപയോഗിക്കും.
ടാറ്റാ മോട്ടോഴ്സ് ഗ്രൂപ്പ് സിഎഫ്ഒ പി.ബി. ബാലാജിയാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുക. നേരത്തെ, എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റാ ഗ്രൂപ്പ്, ജൂണ്‍ 12-ലെ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
അപകടസ്ഥലം സന്ദര്‍ശിച്ച ചന്ദ്രശേഖരന്‍, പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുമെന്നും ആവശ്യമായ എല്ലാ പരിചരണവും സഹായവും ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു.
എയര്‍ ഇന്ത്യ വിമാനാപകട അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണവും സുതാര്യതയും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു.
ഈ ദുരന്തത്തെ ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളിലൊന്ന് എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരന്‍, തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കമ്പനി പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കി.