
മുംബൈ: ടാറ്റാ ട്രസ്റ്റ് അംഗവും രത്തൻ ടാറ്റയുടെ വിശ്വസ്തനും മലയാളിയുമായ ആർ. കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. 84 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഞായറാഴ്ച വൈകീട്ടാണ് അന്ത്യം.
ടാറ്റയുടെ ഇന്ത്യൻ ഹോട്ടലുകളിൽ ഹോസ്പിറ്റാലിറ്റി ഹെഡ് ഉൾപ്പെടെ കൃഷ്ണകുമാർ ടാറ്റാ ഗ്രൂപ്പിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. സംഭാവനകൾക്ക് രാജ്യം പദ്മശ്രീ അവാർഡ് നൽകി ആദരിച്ചിരുന്നു.
ടാറ്റയുടെ ഗ്രൂപ്പ് ചെയർമാനായ എൻ. ചന്ദ്രശേഖരൻ മരണത്തിൽ അനുശോചനമറിയിച്ചു. അദ്ദേഹത്തെ അറിയാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആഴത്തിൽ വേരോടിയ മനുഷ്യത്വമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
സാധ്യതകളും അവസരങ്ങളും കുറഞ്ഞവരെ സഹായിക്കാനാണ് അദ്ദേഹം എപ്പോഴും താത്പര്യപ്പെട്ടത്. ഞങ്ങൾ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു -എൻ. ചന്ദ്രശേഖരൻ പ്രസ്താവനയിൽ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും കൃഷ്ണകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇന്നലെ വൈകീട്ട് 4.30ന് ചന്ദൻവാഡിയിൽ കൃഷ്ണകുമാറിന്റെ സംസ്കാരം നടന്നു.






