
മുംബൈ: ഡേവിഡ് അറ്റ്കിൻസനെ സീനിയർ വൈസ് പ്രസിഡന്റും യുകെ, അയർലൻഡ് ബിസിനസ്സ് മേധാവിയുമായി നിയമിച്ച് ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് (ടിസിപി). രാജ്യത്തെ കമ്പനിയുടെ പ്രവർത്തന മേധാവി എന്ന നിലയിലുള്ള പുതിയ റോളിൽ, യുകെയിലെയും അയർലണ്ടിലെയും ബിസിനസിനെയും ടീമുകളെയും നയിക്കാനുള്ള ഉത്തരവാദിത്തം അറ്റ്കിൻസണായിരിക്കും.
പ്രധാന അന്താരാഷ്ട്ര വിപണികളിൽ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് നിലവിലെ നിയമനമെന്ന് ടിസിപി പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമനത്തിലൂടെ കമ്പനിയുടെ വളർച്ചാ റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഒപ്പം പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും ടിസിപി ഉദ്ദേശിക്കുന്നു.
വ്യവസായത്തിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അറ്റ്കിൻസൺ ഹെയ്ൻ ഡാനിയൽസ് ഗ്രൂപ്പിൽ നിന്നാണ് ടിസിപിയിൽ ചേരുന്നത്. അവിടെ അദ്ദേഹം ഗ്രോസറി മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലും അന്താരാഷ്‌ട്ര വിപണികളിലുമായി 12,425 കോടി രൂപയുടെ ഏകീകൃത വാർഷിക വിറ്റുവരവുള്ള ടിസിപി, ആഗോളതലത്തിലെ ബ്രാൻഡഡ് ടീ കമ്പനികളിൽ രണ്ടാം സ്ഥാനത്താണ്.
ടാറ്റ ടീ, ടെറ്റ്‌ലി, എയിറ്റ് ഒ ക്ലോക്ക് കോഫി, ടാറ്റ കോഫി ഗ്രാൻഡ്, ഹിമാലയൻ നാച്ചുറൽ മിനറൽ വാട്ടർ, ടാറ്റ വാട്ടർ പ്ലസ്, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവയാണ് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സിന്റെ പ്രധാന പാനീയ ബ്രാൻഡുകൾ.