
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് സാമ്പത്തിക സേവന സ്ഥാപനം ടാറ്റ കാപിറ്റല്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കരട് രേഖകള്‍ സമര്‍പ്പിച്ചു.
10 രൂപ മുഖവിലയുള്ള 210,000,000 ഓഹരികളുടെ ഫ്രഷ് ഇഷ്യുവും ഓഹരിയുടമകള്‍ 265,824,280 ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാണ് ഐപിഒ. ഇഷ്യു ഒക്ടോബര്‍ ആറിന് ആരംഭിച്ച് 8 ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകരുടെ ബിഡ്ഡിംഗ് ഒക്ടോബര്‍ 3 ന്.
ഓഫര്‍ ഫോര്‍ സെയിലില്‍ ടാറ്റ സണ്‍സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവ ഓഹരികള്‍ വിറ്റഴിക്കും.
16.5 ബില്യണ്‍ ഡോളറിന്റെ വാല്വേഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആങ്കര്‍ വിഭാഗത്തില്‍ എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍) വലിയ വിഹിതം നേടാന്‍ ശ്രമിച്ചേയ്ക്കും. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ടാറ്റ സണ്‍സിന്റെ പക്കലാണ്. ഐഎഫ്‌സി, ടിഎംഎഫ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ പവര്‍ തുടങ്ങിയ ഗ്രൂപ്പ് കമ്പനികളും ഓഹരികള്‍ കൈവശം വയ്ക്കുന്നു.
റിസര്‍വ് ബാങ്ക് നിര്‍ദ്ദേശാനുസരണമാണ് ഐപിഒ. ഇത് പ്രകാരം ഉയര്‍ന്ന തലത്തിലുള്ള എന്‍ബിഎഫ്‌സികള്‍ സെപ്തംബര്‍ 30 നകം ആഭ്യന്തര ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ടാറ്റ ക്യാപിറ്റലിന് ചെറിയ ഇളവ് ലഭ്യമായി.