
മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്ന ടാറ്റ കാപിറ്റല്‍ നിക്ഷേപക സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള റോഡ് ഷോ തുടങ്ങി. 17,000 കോടി രൂപയാണ് കമ്പനി പ്രാഥമികവിപണിയില്‍ നിന്നും സമാഹരിക്കുക.
അപ്‌ഡേറ്റഡ് കരട് രേഖകള്‍ ഇതിനായി കമ്പനി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനിയുടെ വൈവിധ്യമാര്‍ന്ന വായ്പാ പോര്‍ട്ട്ഫോളിയോ, ടാറ്റ ബ്രാന്‍ഡിന്റെ പാരമ്പര്യം, ഡിജിറ്റല്‍ പരിവര്‍ത്തനത്തിലുള്ള ശ്രദ്ധ എന്നിവ വിദേശ, ആഭ്യന്തര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി സ്രോതസ്സുകള്‍ അറിയിച്ചു.
21 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 26.58 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്ന ഐപിഒ ഈ വര്‍ഷത്തെ ഏറ്റവും വലുതാണ്. മൊത്തം ഓഹരികളുടെ എണ്ണം 47.58 കോടി. ഇതില്‍ ടാറ്റ സണ്‍സ് തങ്ങളുടെ 23 കോടി ഓഹരികളും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 3.58 കോടി ഓഹരികളും ഓഫ് ലോഡ് ചെയ്യും.
‘അപ്പര്‍ ലെയര്‍’ ആയി തരംതിരിച്ചിരിക്കുന്ന എല്ലാ എന്‍ബിഎഫ്‌സികളും സെപ്റ്റംബറോടെ പൊതുവിപണിയില്‍ എത്തണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഐപിഒ.
ശക്തമായ സാമ്പത്തിക പ്രകടനമാണ് നിലവില്‍ ടാറ്റ ക്യാപിറ്റലിന്റേത്. 2025 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നികുതിയ്ക്ക് ശേഷമുള്ള ലാഭം 1000 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 31 ശതമാനം കൂടുതല്‍.
പ്രവര്‍ത്തന വരുമാനം 50 ശതമാനമുയര്‍ന്ന് 7478 കോടി രൂപയിലെത്തി. 2025 സാമ്പത്തികവര്‍ഷത്തെ നികുതി കഴിച്ചുള്ള ലാഭം 3327 കോടി രൂപയില്‍ നിന്നും 3655 കോടി രൂപയായും വരുമാനം 18175 കോടി രൂപയില്‍ നിന്നും 28313 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.