
മുംബൈ: ടാറ്റ കാപിറ്റല്‍ ഓഹരി തിങ്കളാഴ്ച 1.2 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എന്‍എസ്ഇയിലും 330 രൂപയിലാണ് ഓഹരികള്‍ എത്തിയത്. 326 രൂപയാണ് ഇഷ്യുവില.
കമ്പനിയുടെ 15512 കോടി രൂപ ഐപിഒ 1.38 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ആങ്കര്‍ നിക്ഷേപകര്‍ ഒരു മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 0.86 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 0.76 മടങ്ങും ചെറുകിട നിക്ഷേപകര്‍ 0.68 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു.
ബ്രോക്കറേജ് സ്ഥാപനം ആനന്ദ് രതി, ഓഹരിയെ ദീര്‍ഘകാല നിക്ഷേപത്തിന് യോഗ്യതയുള്ളതായി കണക്കാക്കുന്നു. എംകെയ് ഗ്ലോബല്‍ 360 രൂപ ലക്ഷ്യവിലയില്‍ ‘കൂട്ടിച്ചേര്‍ക്കല്‍’ റേറ്റിംഗാണ് നല്‍കുന്നത്. 2026 സെപ്തംബര്‍ വരെ ഹോള്‍ഡ് ചെയ്യാവുന്നതാണ്.
ടാറ്റ ഗ്രൂപ്പിലെ ബാങ്ക് ഇതര നിക്ഷേപ സ്ഥാപനമായ ടാറ്റ കാപിറ്റല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാഥമിക വിപണി ഫണ്ട് സമാഹരണമാണ് നടത്തിയത്. അതേസമയം പ്രതീക്ഷിച്ച തോതില്‍ നിക്ഷേപ തള്ളിക്കയറ്റമുണ്ടായില്ല. ഐപിഒ ആഘോഷമാക്കുന്നതിന് പകരം അവര്‍ കരുതലെടുത്തു.