
ന്യൂഡല്‍ഹി: താരിഫുകളും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വ്യാപാരത്തില്‍ കരിനിഴല്‍ വീഴുത്തുന്നുവെങ്കിലും വളര്‍ച്ച നിലനിര്‍ത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് 8 ശതമാനമാക്കി ഉയര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൗടില്യ സാമ്പത്തിക കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോകം ഘടനാപരമായ പരിവര്‍ത്തനത്തിന് വിധേയമാകുകയാണെന്ന് സീതാരാമന്‍ വിശദീകരിച്ചു. വ്യാപാര രീതികളിലെ മാറ്റങ്ങള്‍, ഉത്പാദന സംവിധാനങ്ങള്‍, അന്താരാഷ്ട്ര സഹകരണം എന്നിവ സമൂല മാറ്റത്തിന് വിധേയമാകുകയാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, തീരുവകള്‍, ഉപരോധങ്ങള്‍ എന്നിവ കാരണം അകല്‍ച്ച വര്‍ദ്ധിച്ചു. രാജ്യങ്ങള്‍ സാമ്പത്തിക ആശ്രയത്വം കുറയ്ക്കുകയാണ്.
ആഭ്യന്തര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തിയാകണം ഇന്ത്യ മാറ്റങ്ങളോട് പ്രതികരിക്കേണ്ടത്. അന്താരാഷ്ട്ര വ്യാപാരത്തിന് തയ്യാറാകുകയും വേണം. സ്വാശ്രയത്വമെന്നാല്‍ അടഞ്ഞ സമ്പദ് വ്യവസ്ഥയെന്നല്ല അര്‍ത്ഥമാക്കേണ്ടത്. പകരം ആഗോള വിപണികളുമായി ഇടപഴകുകയും ആന്തരിക ശക്തി വളര്‍ത്തിയെടുക്കുകയുമാണ്.
ബാഹ്യ ആഘാതങ്ങളെ നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌ക്കരണവും സീതാരാമന്‍ ആവശ്യപ്പെട്ടു..ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ), അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) എന്നിവ ദുര്‍ബലമാകുന്നത് ആഗോള തലത്തില്‍ ആത്മവിശ്വാസം കുറയ്ക്കും. അന്താരാഷ്ട്ര വ്യാപാരവും നിക്ഷേപവും സ്ഥിരപ്പെടുത്തുന്നതിന് പുതുക്കിയ സഹകരണവും വിശ്വാസവും ആവശ്യമാണ്.
നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ചരിത്രപരമായ ഒരു വഴിത്തിരിവാണെന്നും നിര്‍മ്മല സീതാരാമന്‍ വിശേഷിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന താരിഫ് തടസ്സങ്ങള്‍ മറികടക്കല്‍, വ്യാപാര സഖ്യങ്ങള്‍ മാറ്റല്‍, സാമ്പത്തിക ആക്കം നഷ്ടപ്പെടാതെ ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ നേരിടല്‍ എന്നിവ ഇപ്പോള്‍ അനിവാര്യമാണ്.