
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വിഗ്ഗി ഓഹരികള്‍ ഇടിവ് നേരിട്ടു. 3 ശതമാനം താഴ്ന്ന് 394.60 രൂപയിലാണ് സ്റ്റോക്കുള്ളത്. അതേസമയം ബ്രോക്കറേജുകള്‍ക്ക് ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാടാണുള്ളത്.
500 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ജെഫറീസ് നിര്‍ദ്ദേശിക്കുമ്പോള്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. 450 രൂപയാണ് അവര്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യവില.
ഫുഡ് ഡെലിവറി സെഗ്മെന്റിലെ വരുമാന വളര്‍ച്ചയും അതിവേഗ ഇ-കൊമേഴ്‌സിന്റെ ചലനാത്മകതയും പ്രശംസനീയമാണെന്ന് ജെഫറീസ് അവരുടെ അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെഡര്‍, സ്റ്റാഫ് ചെലവുകളാണ് പ്രവര്‍ത്തന ലാഭത്തെ ബാധിക്കുന്നത്. ഇതൊഴിച്ചാല്‍ ഭാവി ശോഭനമാണെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.
1197 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ നഷ്ടമായ 611 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം കൂടുതലാണ്. അതേസമയം വരുമാനം 12.5 ശതമാനം ഉയര്‍ത്തി 4961 കോടി രൂപയാക്കിയ കമ്പനി പ്രവര്‍ത്തന നഷ്ടം നേരിയ തോതില്‍ കുറച്ചു.
ഇബിറ്റ 962 കോടി രൂപയില്‍ നിന്നും 954 കോടി രൂപയായാണ് കുറഞ്ഞത്. സ്വിഗ്ഗിയുടെ ഇന്‍സ്റ്റ്മാര്‍ട്ട് ഡിവിഷന്‍ 797 കോടി രൂപ ഇബിറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തിലിത് 379 കോടി രൂപ മാത്രമായിരുന്നു.
ഓഹരി ഇപ്പോഴും ഐപിഒ വിലയായ 390 രൂപയേക്കാള്‍ ഉയര്‍ന്നാണിരിക്കുന്നത്. അതേസമയം 2025 ല്‍ ഇതുവരെ സ്റ്റോക്ക് 25 ശതമാനം ഇടിവ് നേരിട്ടു.