
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-2023) ഡെലിവറി പങ്കാളികള്‍ക്ക് ക്ലെയിം തുകയായി സ്വിഗ്ഗി 31 കോടി രൂപ നല്‍കി.2015 മുതലാണ് ഡെലിവറി പങ്കാളികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ തുടങ്ങിയത്.
ആരോഗ്യ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകടങ്ങള്‍, അപകട മരണങ്ങള്‍, മൊബൈല്‍ ഫോണ്‍ കേടുപാടുകള്‍ എന്നിവയ്ക്കായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് സ്വിഗ്ഗി ക്ലെയിം നല്‍കുന്നത്.
സ്വിഗ്ഗി ആപ്പില്‍ തന്നെ ഡെലിവറി പങ്കാളികള്‍ക്കായി എസ്ഒഎസ് ബട്ടണ്‍, അടിയന്തിര സേവനങ്ങള്‍, സൗജന്യ-അതിദ്രുത ആംബുലന്‍സ് സേവനം എന്നിവ അറിയാക്കാനുള്ള സൗകര്യമുണ്ട്.
‘ജീവനക്കാരല്ലാത്തതിനാല്‍ ഡെലിവറി പങ്കാളികള്‍ക്ക് സ്വിഗ്ഗിയില്‍ നിന്ന് ആരോഗ്യ പരിരക്ഷ ലഭിക്കില്ലെന്ന് തെറ്റിദ്ധാരണയുണ്ട്.
എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി, ഡെലിവറി പങ്കാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ടെന്നു സ്വിഗ്ഗി ഓപ്പറേഷന്‍സ് ഹെഡ് മിഹിര്‍ ഷാ പറഞ്ഞു.
ഇന്‍ഷുറന്‍സിനു പുറമേ, ആരോഗ്യപ്രശ്‌നങ്ങള്‍, കോവിഡ്-19, വ്യക്തിഗത അപകടങ്ങള്‍, 5000 രൂപയുടെ മൊബൈല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ അടങ്ങുന്ന സമഗ്രമായ ആനുകൂല്യങ്ങളുടെ പാക്കേജാണ് സ്വിഗ്ഗി ഡെലിവറി പങ്കാളികള്‍ക്ക് നല്‍കുന്നത്.
ആശുപത്രിവാസം, ഒപിഡി ചെലവ് എന്നിവയ്ക്കൊപ്പം സ്വിഗ്ഗി ഡെലിവറി പങ്കാളികള്‍ക്ക് അപകട മരണം സംഭവിച്ചാല്‍ 10,00,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.96 ശതമാനം ക്ലെയിമുകളും ഏഴു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.
ഇന്ത്യയിലുടനീളമുള്ള 8000-ലധികം നെറ്റ്വര്‍ക്ക് ആശുപത്രികളില്‍ ഡെലിവറി പങ്കാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ക്യാഷ്‌ലെസ് ചികിത്സയും ആവശ്യാനുസരണം സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്.
2021 മുതല്‍ വനിതാ ഡെലിവറി പങ്കാളികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ വേതനത്തോടുകൂടി ആര്‍ത്തവ അവധിയുണ്ട്. എല്ലാ വനിതാ ഡെലിവറി പങ്കാളികള്‍ക്കും പുരുഷ ഡെലിവറി പങ്കാളികളുടെ ഭാര്യമാര്‍ക്കും പ്രസവ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്.
സ്വിഗ്ഗി ഓണ്‍-ഡിമാന്‍ഡ് കണ്‍വീനിയന്‍സ് ഡെലിവറി പ്ലാറ്റ്ഫോമിന് ഇന്ത്യയിലെ 500-ലധികം നഗരങ്ങളിലായി ഏകദേശം മൂന്ന് ലക്ഷത്തോളം ഡെലിവറി പങ്കാളികളാണുള്ളത്.






