
ഇന്നലെ വിപണിയിൽ സെൻസെക്‌സും ഇടിവ് തുടർന്നപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി സുസ്‌ലോൺ എനർജി ഓഹരികളിൽ നല്ലൊരു മുന്നേറ്റം ഉണ്ടായി. ഇന്നലത്തെ വ്യാപാരത്തിൽ 14 ശതമാനം കുതിപ്പ് ഓഹരി പ്രകടമാക്കി. കഴിഞ്ഞ ദിവസം കമ്പനി വളരെ മികച്ച പാദഫലങ്ങൾ പുറത്തു വിട്ടതിനെ തുടർന്നാണ് മുന്നേറ്റം.
ലാഭത്തിൽ 365 ശതമാനം മുന്നേറ്റമാണ് വാർഷികാടിസ്ഥാനത്തിൽ ഉണ്ടായത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 73 ശതമാനവും ഉയർന്നു.
ഡിസംബർ പാദം വച്ച് നോക്കുമ്പോഴും കമ്പനിയുടെ ലാഭം 205 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. വരുമാനം 27 ശതമാനവും മുന്നേറി.ഇതോടെ പോയ സാമ്പത്തിക വർഷം കമ്പനിയുടെ ലാഭം 2072 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷം വച്ച് താരതമ്യം ചെയ്യുമ്പോൾ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 67 ശതമാനവും വർധിച്ചു. എബിറ്റെടയിൽ 81 ശതമാനം മുന്നേറ്റവും റിപ്പോർട്ട് ചെയ്തു.
എക്കാലത്തെയും ഉയർന്ന ഓർഡർ ബുക്കാണ് കമ്പനി മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയത്. ഓർഡർ ബുക്ക് 5.6 ഗിഗാ വാട്ടായി. കഴിഞ്ഞ മാസം എൻടിപിസി ഗ്രീൻ എനെർജിയിൽ നിന്നും വിൻഡ് എനർജി ഓർഡർ കരസ്ഥമാക്കിയിരുന്നു.
നാലാം പാദത്തിൽ വിൻഡ് ടർബൈൻ ജനറേറ്ററുകളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 105 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം 95 മെഗാവാട്ടിന്റെ വിൻഡ് ടർബൈൻ ജനറേറ്ററുകളാണ് ഈ പാദത്തിൽ ഇൻസ്റ്റാൾ ചെയ്തത്.
ഇതോടെ പോയ സാമ്പത്തിക വർഷത്തിലെ മൊത്തം സ്ഥാപിത ശേഷി 336 മെഗാവാട്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ബ്രോക്കറേജ് മോത്തിലാൽ ഒസ്വാൾ ഓഹരിയുടെ ടാർഗറ്റ് വില ഉയർത്തി. ഓഹരി 83 രൂപയിലേക്ക് എത്തും എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം ലാഭം, എബിറ്റെട എന്നിവയിൽ 60 ശതമാനത്തിന്റെ മുന്നേറ്റം ഉണ്ടാകും എന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. മുന്നോട്ടേക്ക് പോസിറ്റീവ് ആയ ഔട്ട് ലുക്കാണ് കമ്പനി പങ്കുവച്ചത്.
എട്ടു അനലിസ്റ്റുകളിൽ 6 അനലിസ്റ്റുകളും ഓഹരിക്ക് ഇപ്പോൾ ബൈ എന്ന ശുപാർശയാണ് നൽകുന്നത്. 2 അനലിസ്റ്റുകൾ ഹോൾഡ് എന്ന റേറ്റിങ്ങും നൽകുന്നു. ഓഹരിക്ക് സെൽ എന്ന ശുപാർശ ലഭിച്ചിട്ടില്ല എന്നാണ് മറ്റൊരു സവിശേഷത.
വിപണിയിൽ മാർച്ച് മുതൽക്ക് ഓഹരി തിരിച്ചു കയറാൻ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 15 ശതമാനം ഇടിഞ്ഞ ഓഹരി മാർച്ചിൽ 13 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. മെയ് മാസത്തിൽ ഇന്നത്തെ പ്രകടനം കൂടി കണക്കിലെടുത്ത് 25 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയിട്ടുള്ളത്.
ഈ വർഷം ഇതുവരെ 15 ശതമാനത്തിന്റെ നേട്ടം നൽകിയതായും കാണാം. നിലവിൽ 70 രൂപയ്ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.