
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മയുടെ അറ്റാദായം സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ 2.6% ഉയര്‍ന്ന് 3,118 കോടി രൂപയിലെത്തി. വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.9% വര്‍ധിച്ച് 14,478 കോടി. ബുധനാഴ്ച (2025 നവംബര്‍ 5) നടന്ന എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
എബിറ്റ 7.5 ശതമാനം ഉയര്‍ന്നു 4067 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ മാര്‍ജിന്‍ 40 ബേസിസ് പോയിന്റ് ഇടിഞ്ഞ് 28.3 ശതമാനം. ഇന്ത്യവില്‍പ്പനയിലെ 11% വളര്‍ച്ചയാണ് പ്രകടനത്തിന് അടിസ്ഥാനം.ഉയര്‍ന്ന മാര്‍ജിന്‍ വിഭാഗമായ നൂതന മരുന്നുകളുടെ വില്‍പ്പന ഏകദേശം 16.4% ഉയര്‍ന്ന് 333 മില്യണ്‍ ഡോളറിലെത്തി (ഏകദേശം 2,950 കോടി രൂപ).
നൂതന മരുന്നുകളുടെ യുഎസ് വില്‍പ്പന ആദ്യമായി ജനറിക്‌സിനെ മറികടന്നുവെന്ന് എംഡി കീര്‍ത്തി ഗനോര്‍ക്കര്‍ പറഞ്ഞു, എന്നാല്‍ മൊത്തത്തിലുള്ള യുഎസ് വില്‍പ്പന 4.1% കുറഞ്ഞ് 496 മില്യണ്‍ ഡോളറിലെത്തി (ഏകദേശം 4,400 കോടി രൂപ).
സണ്‍ ഫാര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ജനറിക് മരുന്ന് നിര്‍മ്മാതാക്കള്‍ വരുമാനത്തിന്റെ പ്രധാന പങ്ക് നേടുന്നത് യുഎസില്‍ നിന്നാണ്. കടുത്ത മത്സരം കാരണം മരുന്നുകളുടെ വില കുറയ്ക്കുകയാണെന്നും അത് ലാഭത്തെ ബാധിക്കുന്നുണ്ടെന്നും ഗനോര്‍ക്കര്‍ അറിയിച്ചു.






