
ന്യൂഡൽഹി: മോശം സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ വിമാനത്താവളങ്ങള്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. എയര്‍പോര്‍ട്ട് ഇകൊണോമിക് റെഗുലേറ്ററി അതോറിറ്റി(AERA) പുതിയ നിലവാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുമായി എത്തിയതോടെയാണ് മാറ്റങ്ങളുടെ വഴിതെളിയുന്നത്.
ബാഗേജ് വൈകുന്നത്, ചെക്ക് ഇന്‍ കാലതാമസം, വൃത്തിയില്ലായ്മ എന്നിങ്ങനെ വ്യോമയാന യാത്രികര്‍ നേരിടുന്ന പൊതു പ്രശ്‌നങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് എഇആര്‍എ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ വിമാനത്താവളങ്ങള്‍ നിര്‍ബന്ധിതമാവുകയും ചെയ്യും.
എഇആര്‍എ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതോടെ മോശം സേവനങ്ങള്‍ യാത്രികര്‍ക്കു നല്‍കുന്ന വിമാനത്താവളങ്ങള്‍ വൈകാതെ പിഴ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. മികച്ച സേവനം ഉറപ്പിക്കാനായി യാത്രികര്‍ വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന യൂസര്‍ ഡെവലപ്‌മെന്റ് ഫീസ്(യുഡിഎഫ്) അടക്കം കുറക്കാനും എഇആര്‍എക്ക് പദ്ധതിയുണ്ട്.
രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടാന്‍ എഇആര്‍എയുടെ പുതുക്കിയ നിര്‍ദേശങ്ങള്‍ വഴി സാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നേരത്തെ തന്നെ എയര്‍ലൈനുകളുടെ നിലവാരം ഉറപ്പിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
എന്നാല്‍ വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ കാര്യത്തില്‍ അത്ര കര്‍ശന നടപടികള്‍ ഉണ്ടായിരുന്നില്ല. ഈയൊരു കുറവ് പരിഹരിക്കാനാണ് എഇആര്‍എയുടെ ശ്രമം. വിമാനത്താവളങ്ങളില്‍ യാത്രികര്‍ക്ക് സമാന നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പിക്കാനും ഇതുവഴി സാധിക്കും.
വന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളും ചെറു നഗരങ്ങളിലെ വിമാനത്താവളങ്ങളും തമ്മില്‍ സേവനത്തിന്റെ കാര്യത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. എഇആര്‍എ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ ചെക്ക് ഇന്‍, സുരക്ഷാ പരിശോധന, ബാഗുകള്‍ ലഭിക്കല്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവക്കെല്ലാം പരമാവധി സമയം നിശ്ചയിക്കപ്പെടും.
വിമാനത്താവളങ്ങളിലെ ആകെ വൃത്തിയും വിശ്രമ മുറി സൗകര്യങ്ങളും ഇരിപ്പിടങ്ങളുമെല്ലാം പരിശോധിക്കപ്പെടും. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡിജി യാത്ര, ഇ ഗേറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പ്രതിവര്‍ഷം എത്രത്തോളം പേര്‍ യാത്ര ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി വിമാനത്താവളങ്ങളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കും. പ്രതിവര്‍ഷം 60 ലക്ഷത്തില്‍ കുറവ് യാത്രികര്‍ വന്നു പോവുന്ന വിമാനത്താവളങ്ങളും 60 ലക്ഷത്തില്‍ കൂടുതല്‍ യാത്രികരുള്ള വിമാനത്താവളങ്ങളും വ്യത്യസ്ത വിഭാഗങ്ങളിലായിരിക്കും ഉള്‍പ്പെടുക.
ചെറിയ വിമാനത്താവളങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റും കുറഞ്ഞ രീതിയില്‍ മതിയാവും. അതേസമയം വലിയ വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
വിമാനത്താവളങ്ങളുടെ നിലവാരം ഉറപ്പിക്കാന്‍ മൂന്നാം കക്ഷി ഓഡിറ്റിങ്ങിനും എഇആര്‍എ പദ്ധതിയിടുന്നുണ്ട്. ഈ പരിശോധന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും വിമാനത്താവളങ്ങളുടെ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ്(യുഡിഎഫ്) കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
വിമാനത്താവളങ്ങളിലെ യാത്രികരുടെ നടപടിക്രമങ്ങള്‍ സുഗമമാവുക വ്യത്യസ്ത ഏജന്‍സികള്‍ എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് സാധ്യമാവുക. എയര്‍ലൈനുകള്‍ക്കും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ക്കും സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ക്കുമെല്ലാം ഇതില്‍ പങ്കുണ്ട്.
നടപ്പില്‍ വരുത്താന്‍ പോവുന്ന നിര്‍ദേശങ്ങളില്‍ വിമാനത്താവള അധികൃതര്‍ക്കുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താന്‍ സെപ്തംബര്‍ 24 വരെ എഇആര്‍എ സമയം നല്‍കിയിട്ടുമുണ്ട്. ഇതു കൂടി പരിഗണിച്ചാവും എഇആര്‍എ അന്തിമ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക.