
മുംബൈ: ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങള്‍ ആരംഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ സ്റ്റാർലിങ്ക് വേഗത്തിലാക്കുകയാണ്. സാങ്കേതിക, സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കമ്പനിക്ക് ഉടൻ തന്നെ ട്രയൽ സ്പെക്ട്രം ടെലികോം വകുപ്പ് അനുവദിക്കുമെന്നാണ് കരുതുന്നത്.
ഗേറ്റ്‌വേകൾ, എർത്ത് സ്റ്റേഷനുകൾ, നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനി ഒരുക്കേണ്ടതുണ്ട്. ഇതിന് കുറച്ച് മാസങ്ങള്‍ എടുത്തേക്കാമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് എക്‌സിക്യൂട്ടീവിനെ നിയമിക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ആസ്ഥാനമാക്കി ഒരു താൽക്കാലിക ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.
ഒരു കോർ ടീമിനെ കെട്ടിപ്പടുക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് യൂണിറ്റാണ് സ്റ്റാർലിങ്ക്. 2025 ജൂൺ 6 നാണ് സ്റ്റാർലിങ്കിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) ലൈസൻസ് ലഭിക്കുന്നത്.
2025 അവസാനത്തോടെയോ 2026 ന്റെ തുടക്കത്തിലോ കമ്പനിക്ക് ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.