
ന്യൂഡല്‍ഹി: ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വ്യവസായത്തെ ബാധിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍. കുറഞ്ഞവിലയിലുള്ള ഇറക്കുമതിയ്ക്ക് ആന്റി-ഡംപിംഗ് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡെവലപ്മെന്റ് അസോസിയേഷന്‍ (ISSDA) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസില്‍ (DGTR) നിവേദനം സമര്‍പ്പിച്ചു.
ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭ്യുദയ് ജിന്‍ഡാല്‍ പറയുന്നതനുസരിച്ച്, ‘നിലവാരമില്ലാത്ത ഡംപ്ഡ് മെറ്റീരിയലുകളുടെ’ കേന്ദ്രമായി ഇന്ത്യ മാറുന്നു. ഇവയുമായി മത്സരിക്കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍. താരിഫുള്‍പ്പെടെയുള്ള ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയിലാണിത്.
ഇന്ത്യയുടെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഇറക്കുമതി കുത്തനെ ഉയര്‍ന്ന് സാമ്പത്തിക വര്‍ഷത്തില്‍ 1.73 ദശലക്ഷം ടണ്ണിലെത്തിയതായും ഐഎസ്എസ്ഡിഎ സ്ഥിരീകരിച്ചു. ഇതോടെ ആഭ്യന്തര നിര്‍മ്മാതാക്കള്‍ നഷ്ടം നേരിടുകയാണ്.
വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിടിആര്‍, ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ്. വ്യാപാര സംരക്ഷണ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.





