
പ്രവീൺ മാധവൻ
സ്പെഷലൈസ്‌ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എസ്ഐഎഫ് ) എന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2025 ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുത്തിയ പുതിയ നിക്ഷേപമാർഗ്ഗമാണ്. 10 ലക്ഷം രൂപയാണ് എസ് ഐ എഫിലെ അടിസ്ഥാന നിക്ഷേപത്തുക. പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസ്സ് (പിഎംഎസ്) ലേക്ക് പ്രവേശിക്കാൻ 50 ലക്ഷം ആവശ്യമായതിനാൽ, അതിനു താഴെ നിൽക്കുന്ന, കൂടുതൽ പ്രഗൽഭമായ നിക്ഷേപരീതികൾ ലഭ്യമാക്കേണ്ടിയിരുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. പിഎംഎസ് നിക്ഷേപങ്ങൾക്കും മ്യൂച്ച്വൽഫണ്ട് നിക്ഷേപങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന വലിയ വിടവ് നികത്തി നിക്ഷേപകർക്ക് കൂടുതൽ നിക്ഷേപമാർഗ്ഗങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനു കൂടിയാണ് ഇത്തരം ഒരു നിക്ഷേപപദ്ധതി സെബി ആവിഷ്കരിച്ചിരിക്കുന്നത്.
താരത്യമേന ഉയർന്ന തുക നിക്ഷേപിക്കുന്നവർക്ക് (50 ലക്ഷത്തിലെ താഴെ) വിപുലമായ നിക്ഷേപ സ്ട്രാറ്റജികൾ ലഭ്യമാക്കി കൊണ്ട് ഉയർന്ന റിസ്ക്-റിട്ടേൺ പ്രൊഫൈൽ സാദ്ധ്യമാക്കുന്ന തരത്തിലാണ് എസ്ഐഎഫുകളുടെ ഘടന സൃഷ്ടിച്ചിരിക്കുന്നത് തന്നെ. ഓഹരികൾക്കൊപ്പം തന്നെ, കടപ്പത്രങ്ങളിലും, ആർ ഇ ഐ ടി കളിലും, ഡെറിവേറ്റീവ് ഉത്പന്നങ്ങളായ ഫ്യൂചേഴ്‌സ് ആൻഡ് ഓപ്ഷൻസ് എന്നിവയിലും നിക്ഷേപസാദ്ധ്യതകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എസ്ഐഎഫുകളുടെ പ്രത്യേകത.
നിലവിലെ വ്യവസ്ഥ പ്രകാരം മ്യൂച്ച്വൽ ഫണ്ടുകൾക്കു ഷോർട് പൊസിഷനുകളിൽ ഇടപാടുകൾ നടത്താൻ പാടുള്ളതല്ല. ലോങ്ങ്-ഷോർട് സ്ട്രാറ്റജി ആധാരമാക്കി പ്രവർത്തിക്കുന്ന പോർട്ട്ഫോളിയോകൾ മാനേജ് ചെയ്യാൻ എസ്ഐഎഫുകൾക്ക് അനുവാദമുണ്ടെന്നത് ഒരു വിഭാഗം നിക്ഷേപകർക്ക് ഗുണകരമായേക്കും. അൺഹെഡ്ജ്ഡ് ഷോർട് പൊസിഷനുകൾ 25 ശതമാനത്തോളം പോർട്ട്ഫോളിയോയിൽ ഉപയോഗിക്കാമെന്നതും എസ്ഐഎഫുകളുടെ മാറ്റ് കൂട്ടുന്നുണ്ട്.
മ്യൂച്ച്വൽ ഫണ്ടുകളുടെ ഘടനയിലുൾപ്പെടുത്തിയത് കൊണ്ട് തന്നെ, എസ്ഐഎഫുകൾക്കും അതേ നിക്ഷേപ, പിൻവലിക്കൽ മാനദണ്ഡങ്ങൾ തന്നെയാണുള്ളത്. മ്യൂച്ച്വൽ ഫണ്ടുകൾക്ക് സമാനമായ ഫീസ് ഘടനയും, നികുതി ഘടനയും തന്നെയാണ് എസ്ഐഎഫുകൾക്കും എന്നത് കൊണ്ട്, പിഎംഎസ് നിക്ഷേപങ്ങളെക്കാൾ കുറഞ്ഞ ചിലവിൽ നിക്ഷേപം നടത്താനാകും. പിഎംഎസ് പോലെ ഓരോ ഉപഭോക്താവിനും പ്രത്യേക പോർട്ട്ഫോളിയോ സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഫണ്ട് മാനേജർമാർക്കുള്ള ഒരു ആനുകൂല്യം.
നിക്ഷേപങ്ങളുടെ റെഗുലേറ്ററി മാനദണ്ഡങ്ങൾ:
എസ്ഐഎഫുകൾക്കായി പ്രത്യേകം ഫണ്ട് മാനേജർ നിയമനം നടത്തി, നെറ്റ് വർത്ത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിലവിലെ മ്യൂച്ച്വൽഫണ്ട് കമ്പനികൾക്ക് എസ്ഐഎഫുകൾ തുടങ്ങാനുള്ള അനുമതിയുണ്ട്. ഇക്വിറ്റി അധിഷ്‌ഠിത നിക്ഷേപ സ്‌ട്രാറ്റജി, കടാധിഷ്‌ഠിത നിക്ഷേപ സ്‌ട്രാറ്റജി (ഡെറ്റ് ഓറിയന്റഡ് സ്ട്രാറ്റജി) , ഹൈബ്രിഡ് നിക്ഷേപ സ്‌ട്രാറ്റജി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഏഴ് തരത്തിലുള്ള എസ്ഐഎഫുകളാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്. ഇവയിലെല്ലാം തന്നെ ലോങ്ങ്-ഷോർട് വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ തന്നെ, ഡെറിവേറ്റീവ് വിഭാഗത്തിലേക്ക് നിക്ഷേപങ്ങളെ വ്യാപിപ്പിക്കാനാകുമെന്നത് വിദഗ്ധരായ ഫണ്ട് മാനേജർമാർക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്രവും കൊടുക്കുന്നുണ്ട്.
ഓഹരി, കടപ്പത്ര, ആർഇഐടി, ഡെറിവേറ്റീവ് നിക്ഷേപങ്ങൾക്ക് വ്യക്തമായ നിയന്ത്രണങ്ങളും സെബി മാർഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഒരു കമ്പനിയുടെ അടങ്കൽ മൂലധനത്തിന്റെ 15 ശതമാനത്തിലധികം കൈ വശം വെക്കാൻ ഒരു എഎംസിയുടെ (അസ്സറ്റ് മാനേജ്മെന്റ് കമ്പനി) എസ്ഐഎഫുകൾക്കാകില്ല. ഇത് അവർക്ക് നിലവിലുള്ള മ്യൂച്ച്വൽഫണ്ടുകളുടെ നിക്ഷേപങ്ങളും കൂടെ കണക്കിലെടുത്താണ് എന്നത് പ്രധാനമാണ്. കടപ്പത്രങ്ങളുടെയും, ആർഇഐടി കളുടെയും നിക്ഷേപത്തിൽ ഈ പരിധി 20 ശതമാനമാണ്. ഗവൺമെന്റ് സെക്യൂരിറ്റികൾക്കും ട്രഷറി ബില്ലുകൾക്കും ഇത്തരം നിക്ഷേപപരിധികൾ ബാധകമല്ല.
ആർക്കൊക്കെ എസ്ഐഎഫ് നിക്ഷേപങ്ങൾ ആശാസ്യമാകും?
പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന, സങ്കീർണ്ണമായ നിക്ഷേപങ്ങളിൽ താൽപര്യമുള്ള നിക്ഷേപകർക്കായിരിക്കും എസ്ഐഎഫ് കൂടുതൽ ആശാസ്യകരമാകുക. അതേ പോലെ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻറ് ഫണ്ടുകൾക്ക് ബദലായി കാര്യക്ഷമമായ നികുതിനേട്ടങ്ങൾ ലക്ഷ്യമാക്കുന്ന നിക്ഷേപകർക്കും എസ്ഐഎഫ് ഒരു നല്ല ബദലായിരിക്കും.
ആരൊക്കെ എസ്ഐഎഫിൽ നിന്നും അകലം പാലിക്കണം ?
ഓഹരി വിപണിയിലെയും മ്യൂച്ച്വൽ ഫണ്ടിലേയും പുതുമുഖ നിക്ഷേപകർക്കു സങ്കീർണ്ണതകൾ ഏറിയ ഒന്നായിരിക്കും എസ്ഐഎഫുകൾ. അത് കൊണ്ട് തന്നെ, ഇത്തരക്കാർ, നിക്ഷേപത്തുക കൈവശമുണ്ടെങ്കിൽ തന്നെയും , ആഴത്തിൽ പഠിക്കാതെ എസ്ഐഎഫുകളിലേക്ക് നിക്ഷേപങ്ങൾ നടത്തുന്നത് ആശാസ്യമാകില്ല. മതിയായ സമ്പാദ്യമില്ലാത്തവരും, മറ്റ് ആവശ്യങ്ങൾക്കായി മാറ്റി വെച്ച തുകകൾ നിക്ഷേപിക്കുന്നവരും എസ്ഐഎഫ് എന്ന നിക്ഷേപമാർഗം ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം. അതെ പോലെ തന്നെ, വിപണിയുടെ ചാഞ്ചാട്ടങ്ങളോട് സഹിഷ്ണുത പുലർത്താൻ കെൽപ്പില്ലാത്തവരും ഇത്തരം നിക്ഷേപങ്ങളിൽ നിന്നകന്ന് നിൽക്കുന്നതായിരിക്കും നല്ലത്. എസ്ഐഎഫിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരും, സ്വന്തം റിസ്ക്-റിട്ടേൺ പ്രൊഫൈലിനെ ഗൗനിക്കാത്തവർക്കും പറ്റിയ ഒരു നിക്ഷേപമല്ല എസ്ഐഎഫുകൾ .
ഉയർന്ന നഷ്ടസാധ്യതകളുള്ളതെങ്കിലും, തികച്ചും കാലാനുസൃതമായ ഒരു നൂതനനിക്ഷേപമാർഗ്ഗം തന്നെയാണ് എസ്ഐഎഫുകൾ . വിപണിയിൽ പുതുതായതു കൊണ്ട് തന്നെ, ഗഹനവും വിപുലവുമായ ഒരു 360 ഡിഗ്രി പരിശീലനം തന്നെ എസ്ഐഎഫുകളെ കുറിച്ച് ലഭ്യമാക്കേണ്ടതുണ്ട്. ഈ പരിശീലനങ്ങൾ നിക്ഷേപകർക്ക് മാത്രമല്ല, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർമാർ ഉൾപ്പെടെയുള്ള വിപണനശൃംഘലയ്ക്ക് ലഭ്യമാക്കി മുന്നോട്ടു പോയാൽ, സമീപഭാവിയിൽ വെൽത്ത് മാനേജ്മെന്റ് മേഖലയിൽ എസ്ഐഎഫുകൾ അവിഭാജ്യ ഘടകമായി മാറിയേക്കാം.






