
ലോകത്ത് ഇതുപോലൊരു സമ്പന്നൻ ഇനിയുണ്ടാകുമോ? നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്, ഏതാനും ആഴ്ചകൾക്കം മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർക്കും – ലോകത്തെ ആദ്യ ലക്ഷംകോടിപതി എന്ന നേട്ടം. ഈ ഭൂമിയിലെ ആദ്യ ട്രില്യണയർ!
ഇലോൺ മസ്ക് നയിക്കുന്ന സ്പേസ്എക്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുകയാണ്.
ഇന്നുവരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഭീമൻ ഐപിഒ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. ഐപിഒ നടപടികൾക്കുശേഷം ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതോടെ മസ്ക് ലോകത്തെ ആദ്യ ട്രില്യണയറായി മാറും. നിലവിൽ 67,600 ഡോളറാണ് മസ്കിന്റെ ആസ്തി. ഇതാണ് ഒരുലക്ഷം കോടി ഭേദിക്കുക.
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് അപേക്ഷ നൽകിക്കഴിഞ്ഞു സ്പേസ്എക്സ്. അടുത്ത മാസം ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്യും. റോക്കറ്റുകൾ നിർമിക്കുകയും സ്റ്റാർലിങ്ക് എന്ന പേരിൽ ഉപഗ്രഹ ഇന്റർനറ്റ് സേവനങ്ങൾ നൽകുകയും ചെയ്യുന്ന കമ്പനിയാണ് സ്പേസ്എക്സ്. മസ്കിന്റെ എഐ കമ്പനിയായ എക്സ്എഐയും സ്പേസ്എക്സിന് കീഴിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 1860 കോടി ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 490 കോടി ഡോളർ നഷ്ടവും.
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ കമ്പനി 470 കോടി ഡോളർ വരുമാനം നേടിയെങ്കിലും 130 ഡോളർ നഷ്ടമായെന്നും കണക്കുകൾ പറയുന്നു. റോക്കറ്റുകളും ഉപഗ്രഹങ്ങളും അടക്കം 10,200 കോടി ഡോളറിന്റെ ആസ്തികൾ സ്പേസ്എക്സിനുണ്ട്. 6000 കോടി ഡോളറിന്റെ വായ്പ കമ്പനിക്കുണ്ടെന്നും ഐപിഒ അപേക്ഷയിൽ പറയുന്നു,
മസ്കിന്റെ ആസ്തി എങ്ങനെ കുതിക്കും?
1.25 ലക്ഷം കോടി ഡോളറാണ് സ്പേസ്എക്സിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. കമ്പനിയുടെ 85 ശതമാനം ഓഹരികളും മസ്കിന്റെ സ്വന്തം. ഏതാണ്ട് 60,000 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണിത്. സ്പേസ്എക്സ് ലിസ്റ്റിങ് നടക്കുന്നതോടെ മസ്കിന്റെ ആസ്തി 1.25-1.5 ലക്ഷം കോടി ഡോളറായി ഉയരും. ഓഹരികൾ കൂടുതൽ മെച്ചപ്പെട്ട വിലയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.
ഇതോടെ ചരിത്രത്തിലെ ആദ്യ ട്രില്യണയർ ആവാനും മസ്കിന് കഴിയും. ചരിത്രത്തിൽ ആദ്യമായി 50,000 കോടി ഡോളർ സമ്പാദ്യം നേടുന്ന വ്യക്തിയെന്ന പദവി കഴിഞ്ഞ വർഷം മസ്ക് സ്വന്തമാക്കിയിരുന്നു.
സ്പേസ്എക്സിൽ നിന്ന് പ്രതിവർഷം വെറും 54,080 ഡോളറാണ് മസ്ക് പ്രതിഫലമായി കൈപ്പറ്റുന്നതെന്ന് ഐപിഒ സംബന്ധിച്ച രേഖകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും കുറഞ്ഞ ശമ്പളം വാങ്ങിയിട്ടും എങ്ങനെയാണ് മസ്ക് ലോകത്തിലെ ഏറ്റവും വലിയ ധനികനായതെന്ന ചർച്ചകളും ഉയർന്നു.
സ്പേസ്എക്സ്, ടെസ്‍ല തുടങ്ങിയ കമ്പനികളിൽ മസ്കിനുള്ള ഓഹരി വിഹിതമാണ് സമ്പത്തിൽ നിർണായകമാകുന്നത്. ഈ കമ്പനികളുടെ മൂല്യം വർധിക്കുന്നതിന് അനുസരിച്ച് ഓഹരി വിലയും കൂടും. ഓഹരി ഉടമകളുടെ സമ്പത്തിലും ഈ വർധന പ്രതിഫലിക്കും. അതായത് സ്പേസ്എക്സ്, ടെസ്‍ല തുടങ്ങിയ കമ്പനികളുടെ മൂല്യം വർധിക്കുന്നതിന് അനുസരിച്ച് ഇത്തരം കമ്പനികളുടെ ഓഹരി ഉടമയായ മസ്കിന്റെ സമ്പത്തും കൂടും.






