സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

അദാനി ഗ്രീനിലെ നിക്ഷേപം പിന്‍വലിച്ച് സോവറിന്‍ വെല്‍ത്ത് ഫണ്ട്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടായ നോര്‍വേ ഫണ്ട്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിനെ തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി.

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് 1.2 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ ആഗോള നിക്ഷേപ ഭീമന്‍ അദാനി ഗ്രൂപ്പിനെ ഒഴിവാക്കിയത്. നേരത്തെ 2024-ല്‍ അദാനി പോര്‍ട്ട്സിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഗ്രീന്‍ എനര്‍ജി മേഖലയിലെ അദാനിയുടെ തിളക്കത്തിനും നോര്‍വേ മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.

‘ഗുരുതരമായ അഴിമതിയോ സാമ്പത്തിക കുറ്റകൃത്യങ്ങളോ’ ആണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ മാനദണ്ഡമായി ഫണ്ട് കൈകാര്യം ചെയ്യുന്ന നോര്‍ജസ് ബാങ്ക് വ്യക്തമാക്കുന്നത്.

2020-ല്‍ വെറും 341 രൂപയ്ക്ക് അദാനി ഗ്രീന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങിയ നോര്‍ജസ് ബാങ്ക്, ഇന്ന് ഓഹരി വില 944 രൂപയില്‍ നില്‍ക്കുമ്പോഴാണ് ഈ ലാഭകരമായ നിക്ഷേപം വേണ്ടെന്നു വെക്കുന്നത്. ലാഭത്തേക്കാളുപരി നിക്ഷേപങ്ങളിലെ സുതാര്യതയ്ക്കും ധാര്‍മ്മികതയ്ക്കും മുന്‍ഗണന നല്‍കുന്നതിനാലാണ് ഈ നീക്കം.

ഇതിനോടൊപ്പം തന്നെ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ഷെയര്‍ എനര്‍ജി, വാള്‍മാര്‍ട്ട്, ബോയിംഗ് തുടങ്ങിയ ആഗോള ഭീമന്മാരെയും നോര്‍ജസ് ബാങ്ക് വിവിധ കാരണങ്ങളാല്‍ ഒഴിവാക്കിയിട്ടുണ്ട്. കല്‍ക്കരി അധിഷ്ഠിത ഊര്‍ജ്ജം, പുകയില ഉല്‍പ്പാദനം, പരിസ്ഥിതി നാശം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നോര്‍വേ ഫണ്ട് കര്‍ശനമായി മാറ്റിനിര്‍ത്താറുണ്ട്.

എന്നാല്‍ ഈ വിദേശ ഫണ്ട് പിന്മാറുമ്പോഴും ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അദാനിയില്‍ കുലുക്കമില്ലെന്നാണ് വിപണി കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ജസ് ബാങ്ക് ഏകദേശം 400 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍, ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 2025 മുതല്‍ ഏകദേശം 500 മില്യണ്‍ ഡോളര്‍ (ഏകദേശം 4,200 കോടി രൂപ) വിലമതിക്കുന്ന അദാനി ഗ്രീന്‍ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

വിദേശ നിക്ഷേപകര്‍ കൈവിടുമ്പോഴും ആഭ്യന്തര വിപണി അദാനിക്ക് നല്‍കുന്ന ഈ പിന്തുണ സാമ്പത്തിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

നേരത്തെ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐടിസി, ലാര്‍സന്‍ & ടൂബ്രോ തുടങ്ങിയ ഇന്ത്യന്‍ ബ്ലൂ ചിപ്പ് കമ്പനികളെയും നോര്‍ജസ് ബാങ്ക് തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നോര്‍വേ ഫണ്ട് നല്‍കുന്ന വാര്‍ഷിക വരുമാനം താരതമ്യേന കുറവാണെങ്കിലും (6%), അവര്‍ നിക്ഷേപം പിന്‍വലിക്കുന്നത് ആഗോളതലത്തില്‍ കമ്പനികളുടെ പ്രതിച്ഛായയെ ബാധിക്കാറുണ്ട്.

അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ ആശ്വാസകരമാണെങ്കിലും ആഗോള നിക്ഷേപകരുടെ ഇത്തരം പിന്മാറ്റങ്ങള്‍ വരും നാളുകളില്‍ വെല്ലുവിളിയായേക്കാം.

X
Top