
കൊച്ചി: വിശ്വസ്തതയും ഉപഭോക്തൃ സേവനരംഗത്തെ പാരമ്പര്യവും കൈമുതലാക്കി നൂതന ബാങ്കിങ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് 97-ാം സ്ഥാപകദിനം ആഘോഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത്തവണ സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. 1929-ൽ തൃശൂരിൽ തുടക്കം കുറിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ന് ഇന്ത്യയൊട്ടാകെ 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമാണുള്ളത്.
“സൗത്ത് ഇന്ത്യൻ ബാങ്ക് പുലർത്തിവരുന്ന ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും, ഉപഭോക്താക്കൾ നൽകി വരുന്ന അചഞ്ചലമായ പിന്തുണയുമാണ് 97 വർഷങ്ങളുടെ വിശ്വാസപൂർണ്ണമായ യാത്രയിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിനെ നയിച്ചത്. ബന്ധങ്ങളെ വിലമതിക്കുന്ന ഞങ്ങളുടെ മൂല്യബോധവും കാര്യക്ഷമമായ പ്രവർത്തനങ്ങളുമാണ് മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ വഴിയൊരുക്കിയത്. ശതാബ്ദിയുടെ അരികിലെത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ, ഉപഭോക്താക്കൾക്കും ഓഹരിയുടമകൾക്കും സുസ്ഥിര നേട്ടം പ്രദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ നയിക്കുന്ന മുഖ്യലക്ഷ്യം,”സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി. ജെ. കുര്യൻ പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (341.87 കോടി) ഒൻപത് ശതമാനം വളർച്ചയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസത്തെ അകെ ലാഭം 1047.64 കോടി രൂപയായി ഉയർന്നു. പ്രീ-പ്രോവിഷനിംഗ് പ്രവർത്തന ലാഭത്തിലും 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
“സൗത്ത് ഇന്ത്യൻ ബാങ്ക് 97 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ഈ സമുജ്ജ്വലയാത്ര ഞങ്ങളുടെ ഉപഭോക്താക്കൾ അർപ്പിച്ച ദീർഘകാല വിശ്വാസത്തിന്റെയും 9000-ലധികം വരുന്ന ജീവനക്കാരുടെ അചഞ്ചലമായ സമർപ്പണത്തിന്റെയും പ്രതിഫലനമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും മൂല്യങ്ങളില്‍ ഉറച്ചുനിന്നും ഉള്‍ക്കരുത്തോടെ മുന്നേറാന്‍ ബാങ്കിനെ പര്യാപ്തമാക്കിയത് ഇവരുടെ കൂട്ടായ പരിശ്രമമാണ്.
മുന്നോട്ടുള്ള കുതിപ്പില്‍ ഈ കൂട്ടായ പരിശ്രമം ഞങ്ങളുടെ പാതയില്‍ ഇനിയും കരുത്തോടെ ശക്തിപകരും.”, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു.






