
കൊച്ചി: 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) സമ്മേളനത്തിന്റെ ഭാഗമായി സ്മാർട്ട് മൊബിലിറ്റി രംഗത്തെ സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിച്ച പാനൽ ചർച്ച ശ്രദ്ധേയമായി. സുസ്ഥിര, സ്വയംപര്യാപ്‌ത നഗര ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ നഗര യാത്രകളുടെ ഭാവിക്കുതകുന്ന സാങ്കേതികവിദ്യകളിലും കണ്ടുപിടുത്തങ്ങളിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ടുള്ള സമഗ്ര ചർച്ചകളാണ് ‘ആസാദി@75 – സസ്‌റ്റൈനബിൾ ആത്മനിർഭർ അർബൻ മൊബിലിറ്റി’ എന്ന വിഷയത്തിൽ നടന്നത്.
ട്യൂമൊക് സിഇഒയും സഹസ്ഥാപകനുമായ ഹിരണ്മേയ് മാലിക്, ഓയെ സ്ഥാപകൻ മോഹിത് ശർമ, ബ്ലുസ്മാർട്ട് ഇലക്ട്രിക് മൊബിലിറ്റി സഹസ്ഥാപകൻ പുനിത് കെ ഗോയൽ, ഫെയര്‍ടിക് ഇന്ത്യ ഡയറക്ടർ ആർ എസ് മഞ്ജുനാഥ്, ഗോഗോ ബസ് സഹസ്ഥാപകൻ അമിത് ഗുപ്ത, ക്വിക് റൈഡ് സ്ഥാപകനും സിഇഒയുമായ കെഎൻഎം റാവു, ബെക്കിൽ ഫൗണ്ടേഷൻ ബെംഗലൂരു സിഇഒയും സഹസ്ഥാപകനുമായ സുജിത്ത് നായർ, ഇസ്രായേലിലെ ഇവിഎഡ്ജ് പ്രൊഡക്ട് മേധാവി ഹദാർ വെനിബെർഗർ, യൂണിട്രാൻസ് മൊബിലിറ്റി സൊലൂഷൻസ് ഡയറക്ടറും സഹ സ്ഥാപകനുമായ മൻരാജ് സിങ് ബെയിൻസ്, ജർമ്മൻ ഡെവലപ്മെന്റ് ഏജൻസിയായ ജിഐഇസഡിലെ സാംകേതിക വിദഗ്ദ്ധനായ നരേന്ദ്ര വർമ്മ എന്നിവർ പാനലിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ നഗര ഗതാഗത രംഗത്തെ ഡിജിറ്റലൈസേഷൻ, റൈഡ് ഹാൻഡ്ലിങ് മൊബിലിറ്റി, പട്ടണങ്ങൾ തമ്മിലുള്ള ബസ് ശൃംഖലയ്ക്കായുള്ള സാങ്കേതിക വിദ്യാ സംവിധാനം തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി.
പൊതുഗതാഗത രംഗത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാനും സാങ്കേതികവിദ്യ ഏറെ സഹായകമായിട്ടുണ്ടെന്ന് ട്യൂമൊക് (Tummoc) സിഇഒയും സഹസ്ഥാപകനുമായ ഹിരണ്മേയ് മാലിക് വ്യക്തമാക്കി. പൊതുഗതാഗത പ്രശ്നങ്ങൾക്ക് മികച്ച രീതിയിൽ പരിഹാരം കാണുന്നതിനൊപ്പം ഗ്രീൻ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി ഗതാഗത സൗകര്യങ്ങൾ യാഥാർഥ്യമാക്കാനും ടുമ്മോക് ശ്രദ്ധ പതിപ്പിക്കുന്നു.
നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ സമഗ്രമായി ലിസ്റ്റ് ചെയ്യുന്നതിനൊപ്പം യാത്രകളുടെ ആദ്യാവസാനം ടിക്കറ്റ് ബുക്കിങ് മുതൽ യാത്രയുടെ പൂർത്തീകരണം വരെയുള്ള മുഴുവൻ ഘട്ടങ്ങളുടെയും തത്സമയ വിവരങ്ങൾ ലഭ്യമാക്കാനും മാനേജ് ചെയ്യാനും സഹായകമായ ഇന്ത്യയിലെ പ്രഥമ മൾട്ടിമോഡ് പബ്ലിക് ട്രാൻസ്പോർട്ട് ആപ്ലിക്കേഷനാണ് ടുമ്മോക്. ഈ രംഗത്ത് സ്വന്തമായി പേറ്റന്റും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. ബെംഗളൂരു ബിഎംടിസി, കേരള – കർണാടക സംസ്ഥാനങ്ങളുടെ കെഎസ്ആർടിസി ശൃംഖലകൾ തുടങ്ങി ഒട്ടേറെ പൊതുസ്ഥാപനങ്ങൾ ട്യൂമൊകിന്റെ ഇടപാടുകാരായുണ്ട്.
മുൻനിര നഗരങ്ങൾക്കൊപ്പം ചെറുകിട നഗരങ്ങളിലും ഡിജിറ്റൽ ടിക്കറ്റിങ് പോലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ സാങ്കേതിക മുന്നേറ്റത്തിന് വഴിതെളിക്കുമെന്നും ഹിരണ്മേയ് മാലിക് പറഞ്ഞു.






