
പൂർണമായും ഇന്ത്യയിൽ 15 ലക്ഷം വാഹനങ്ങള് നിര്മിച്ച് ജര്മന് വാഹന നിര്മാതാക്കളായ സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. പുണെയിലെ ചാക്കനിലുള്ള കമ്പനിയുടെ ആധുനിക വാഹന നിര്മാണ കേന്ദ്രത്തിലാണ് വാഹനങ്ങള് നിര്മിച്ചത്. 3.80 തദ്ദേശീയ എന്ജിനുകളും കമ്പനി ഇതിനോടകം പുറത്തിറക്കി.
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്, വെര്ട്യൂസ്, സ്കോഡ കുഷാക്, സ്ലാവിയ ഉള്പ്പെടെ ഇന്ത്യ 2.0 ശ്രേണിയിലെ മൂന്നുലക്ഷം വാഹനങ്ങളും രാജ്യത്ത് നിര്മിച്ചു.
കമ്പനിയുടെ 40 ആഗോള വിപണികളിലേക്കുള്ള 30 ശതമാനത്തിലേറെ വാഹന കയറ്റുമതിയും ഇന്ത്യയില്നിന്നാണ്. 2009-ല് ചാക്കനിലെ പ്ളാന്റില്നിന്ന് ഫാബിയ എന്ന മോഡല് പുറത്തിറക്കിയാണ് ഇന്ത്യയിലെ നിര്മാണത്തിന്റെ ആരംഭം.
പിന്നീട് ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ, സ്കോഡ ഫാബിയ, റാപ്പിഡ് തുടങ്ങി സ്കോഡയും ഫോക്‌സ്‌വാഗണും ചേര്ന്ന് വികസിപ്പിച്ച MQB-A0-IN പ്ലാറ്റ്ഫോമിലെ വാഹനങ്ങളെല്ലാം ഈ പ്ലാന്റില് നിന്ന് പിറന്നവയാണ്.
വാഹനങ്ങളുടെ നിര്മാണത്തിന് പുറമെ, മൂന്ന് ലക്ഷത്തിലധികം എന്ജിനുകളും ഈ പ്ലാന്റില് നിര്മിച്ചിട്ടുണ്ട്. സ്കോഡ ഫോക്‌സ്‌വാഗണ്‍ മോഡലുകള്ക്ക് കരുത്തേകുന്ന 1.0 ലിറ്റര് ടി.എസ്.ഐ. എന്ജിന് ഇവിടെ നിന്നും നിര്മിക്കുന്നതാണ്.
ചാക്കന് പ്ലാന്റിലെ ഉത്പാദനം 1.5 മില്ല്യണ് പിന്നിട്ടതിന് പുറമെ, ഇന്ത്യ 2.0 ഉദ്യമത്തിന്റെ ഭാഗമായി അവതരിപ്പിച്ച ടൈഗൂണ്, വെര്ട്യൂസ്, കുഷാക്, സ്ലാവിയ തുടങ്ങിയ വാഹനങ്ങളുടെ നിര്മാണ് മൂന്ന് ലക്ഷം യൂണിറ്റ് കടന്നതും ഈ പ്ലാന്റിന്റെ നേട്ടങ്ങള്ക്കൊപ്പം എഴുതിചേര്ക്കാനാകും.
ഈ വാഹനങ്ങളുടെ ഡിസൈനും നിര്മാണവും ഉള്പ്പെടെയുള്ളവ ഇന്ത്യയിലാണ് നിര്വഹിച്ചിട്ടുള്ളത്.
ചാക്കാനിലെ എന്ജിന് ഷോപ്പിലെ നിക്ഷേപവും ഇവിടെ നിര്മിച്ച 15 ലക്ഷം വാഹനങ്ങളും കമ്പനിയുടെ ഗ്ലോബല് സ്ട്രാറ്റജിയില് ഇന്ത്യയുടെ പങ്ക് ഉയര്ത്തി കാട്ടുന്നതാണെന്ന് സ്കോഡ ഓട്ടോയുടെ മേധാവി അഭിപ്രായപ്പെട്ടു.
അതേസമയം, പ്രദേശികമായുള്ള ഉത്പാദനം വര്ധിക്കുന്നതിന്റെ പ്രതിഫലനം ആഗോള വിപണികളില് പോലും പ്രകടമാകുന്നുണ്ടെന്നാണ് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മേധാവി അഭിപ്രായപ്പെടുന്നത്.






