
കൊച്ചി: 25 വര്‍ഷം മുമ്പ് ഒരുകൂട്ടം സംരംഭകര്‍ ചേര്‍ന്ന് തൃശൂരില്‍ ആരംഭിച്ച സില്‍വര്‍സ്റ്റോം അമ്യൂസ്‌മെന്റ് പാര്‍ക്ക് ഓഹരി വിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്പനയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കമ്പനി സെബിക്ക് അപേക്ഷ നല്കി. മാര്‍ച്ച് 31ന് അവസാനിക്കുന്ന പാദത്തിന് മുമ്പ് തന്നെ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിപണിയില്‍ നിന്ന് 85 കോടി രൂപ സമാഹരിക്കാനാണ് സില്‍വര്‍സ്റ്റോം പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ലിമിറ്റഡിന്റെ ലക്ഷ്യം. 62 ലക്ഷം ഓഹരികളാകും വില്പനയ്ക്ക് വയ്ക്കുക. എ.ഐ ഷാലിമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സില്‍വര്‍സ്റ്റോം കേരളത്തിലെ മുന്‍നിര പാര്‍ക്കുകളിലൊന്നാണ്.
ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും പുതിയ പ്രൊജക്ടുകള്‍ക്കുമായി നിക്ഷേപിക്കാനാണ് തീരുമാനം. അടുത്തിടെ ജംഷദ്പൂരില്‍ കമ്പനി സ്‌നോ പാര്‍ക്ക് ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ അടുത്തു തന്നെ സ്‌നോപാര്‍ക്കും ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും ആരംഭിക്കും. ഇതിന്റെ പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്.
സില്‍വര്‍സ്റ്റോമിന്റെ എട്ട് പ്രമോട്ടര്‍മാരുടെ കൈവശമാണ് 88.72 ശതമാനം ഓഹരിപങ്കാളിത്തമുള്ളത്. അബ്ദുള്‍ ജലീലാണ് ചെയര്‍മാന്‍. എ.ഐ ഷാലിമാര്‍ മാനേജിംഗ് ഡയറക്ടറും. അടുത്തിടെ കമ്പനി പ്രീ ഐപിഒ മൂലധന സമാഹരണം നടത്തിയിരുന്നു.






